മുടപുരം: വേനൽമഴ പെയ്തിട്ടും കിഴുവിലം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടാൻ തുടങ്ങിയതോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മൂന്നാം തീയതിമുതലാണ് വെള്ളം ടാങ്കറിൽ നൽകിത്തുടങ്ങിയത്. എന്നാൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇത് അപര്യാപ്തമാണെന്നാണ് നാട്ടുകാർ പറയുന്നത്. കിണർ ഇല്ലാത്ത വീടുകളിൽ പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് ജനങ്ങൾ കഴിയുന്നത്. ഇതിലും വെള്ളം കിട്ടാതായതോടെ ജനങ്ങൾ ദുരിതത്തിലായി.
കുടിക്കാനൊരു തുള്ളിയില്ല
കിണർ വറ്റിത്തുടങ്ങിയതോടെ പല കിണറിലേയും വെള്ളം കലങ്ങി. കിണറുകളിൽ വെള്ളം വറ്റുകയും പൈപ്പുകളിൽ വെള്ളം കിട്ടാതായതോടെയും എല്ലാ വാർഡുകളിലും എല്ലാ ദിവസവും ലോറിയിൽ കൂടുതൽ വെള്ളമെത്തിക്കണമെന്ന ആവശ്യവും ഉയർന്നു. പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും നിലവിൽ കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. ഇതിൽ 6,7,9,11 വാർഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്.
പദ്ധതികൾ വേണം
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്തിൽ പ്രത്യേക കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കണമെന്ന് നാട്ടുകാരും ഗ്രാമപഞ്ചായത്തും നിരവധി വർഷങ്ങൾക്ക് മുൻപേ ആവശ്യപ്പെട്ടിട്ടും നടപ്പിലായില്ല. ജലജീവൻ പദ്ധതി വഴി കൂടുതൽ വാട്ടർ കണക്ഷൻ നൽകിയതിനാൽ ഉപഭോക്താക്കളുടെ എണ്ണവും വർദ്ധിച്ചു. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതിനനുസരിച്ച് ജലക്ഷാമവും രൂക്ഷമായി.
വെള്ളം ലഭിച്ചിട്ട് ദിവസങ്ങൾ
ആറ്റിങ്ങൽ വലിയകുന്നിലെ ടാങ്കിൽ നിന്ന് വെള്ളം മുടപുരം എൻ.ഇ.എസ്.ബ്ലോക്കിലെ വാട്ടർ ടാങ്കിലെത്തി അവിടെനിന്നും നൈനാംകോണത്തെ വാട്ടർടാങ്കിൽ എത്തിയാണ് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളം നൽകിയിരുന്നത്. ഇതിനു പുറമെ ചില പ്രദേശത്തേക്ക് അഴൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തെറ്റിച്ചിറ ടാങ്കിൽ നിന്നും മറ്റ് ചില ഇടങ്ങളിലേക്ക് ആറ്റിങ്ങലിൽ നിന്നും ചില പ്രദേശങ്ങളിലേക്ക് ചിറയിൻകീഴിൽ നിന്നുമാണ് വെള്ളം എത്തുന്നത്. എന്നാൽ ഇപ്പോൾ വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളം ലഭിച്ചിട്ട് പത്തു ദിവസത്തിലേറെയായതായി നാട്ടുകാർ പറഞ്ഞു.