വെള്ളറട: ലഹരിയുടെ ഉന്മാദത്തിൽ രാത്രി വാളുമായി നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ ഗുണ്ടാസംഘം പാസ്റ്ററെ വെട്ടി. കൺസ്യൂമർ ഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും അതിക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ഒരാളെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതികളായ കണ്ണന്നൂർ ആശ ഭവനിൽ അബിൻറോയ്( 20) അനുജൻ ജിബിൻ റോയ് (17), പൂജപ്പുര സ്വദേശി വിഷ്ണു എന്നിവരാണ് ആക്രമ ണം നടത്തിയത്.. ജിബിൻ റോയിയാണ് അറസ്റ്റിലായത്.
അമ്പൂരി കണ്ണന്നൂരിൽ ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അക്രമികൾ അഴിഞ്ഞാടിയത്. ഒന്നര മണിക്കൂറോളം സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വെള്ളറട കോട്ടയംവിള രതി നിലയത്തിൽ രതീഷ് കുമാർ, ഭാര്യ സരിത എന്നിവരെയാണ് ആദ്യം ആക്രമിച്ചത്. അമ്പൂരി കൺസ്യൂഫർഫെഡിലെ ജീവനക്കാരിയായ സരിതയെ ബൈക്കിൽ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വരുകയായിരുന്നു രതീഷ്. വീടിന് മുമ്പിൽ വച്ച് അക്രമികൾ ബൈക്ക് തടഞ്ഞ് പണം ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോൾ രതീഷിന്റെ കരണത്തടിക്കുകയും മർദ്ദിക്കുകയും ചെയ്തു. സരിതയുടെ മുടിയിൽ ചുറ്റിപ്പിടിച്ച് വലിച്ചിഴച്ചു.
ഇവരെ ആക്രമിക്കുന്നതു കണ്ട് വെള്ളറട ഭാഗത്ത് നിന്ന് ആറുകാണിയിലേക്ക് വരികയായിരുന്ന പള്ളിവിള വീട്ടിൽ പാസ്റ്റർ അരുൾ ദാസ് ബൈക്ക് നിറുത്തി. ബി.ബി.എ വിദ്യാർത്ഥിയായ മകൻ ആൻസ് ഗ്രാനും അരുൾദാസിനൊപ്പമുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ സംഘത്തിലൊരാൾ പണം ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോൾ അരുൾദാസിനെ ക്രൂരമായി മർദ്ദിച്ച ശേഷം തലയ്ക്ക് പിന്നിൽ ചെവിയുടെ ഭാഗത്തായി വാൾ കൊണ്ട് വെട്ടുകയായിരുന്നു. ചോര വാർന്ന് അരുൾദാസ് നിലത്തുവീണപ്പോൾ മകനേയും ആക്രമിച്ചു. ഇതിനിടെ രതീഷും സരിതയും സുരക്ഷിത സ്ഥാനത്തേക്ക് മാറി. പിതാവിനെ ആക്രമിക്കരുതെന്ന് മകൻ കരഞ്ഞ് വിളിച്ചതോടെ ആക്രമികളിൽ രണ്ടു പേർ പിന്മാറി.
ബൈക്കുമെടുത്ത് പിതാവിനൊപ്പം ആൻസ് ഗ്രാൻ രക്ഷപ്പെടാൻ ശ്രമിച്ചു. അക്രമികൾ വാളുമായി പിന്നാലെ എത്തിയെങ്കിലും ഇരുവരും രക്ഷപ്പെട്ടു. പാസ്റ്ററെ വെള്ളറട ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചെവിയുടെ ഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
ആക്രമണത്തിന് ശേഷം കൺസ്യൂമർ ഫെഡിലെ ജീവനക്കാരൻ വെള്ളറട പൊന്നമ്പി വിജിൽ ഭവനിൽ ബിജുലാലിനെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുത്ത് അക്രമികളിൽ രണ്ടു പേർ രക്ഷപ്പെട്ടു. ജിബിൻ റോയ് തമിഴ്നാട് ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടി കൂടി പൊലീസിന് കൈമാറുകയായിരുന്നു. സംഭവം അറിയിച്ചിട്ടും വെള്ളറട പൊലീസ് സ്ഥലത്തെത്താൻ വൈകിയതായി നാട്ടുകാർ ആരോപിച്ചു.