ചെറുതുരുത്തി: തുടർച്ചയായ പരിശോധനയ്ക്ക് പിന്നാലെ വമ്പൻ ലഹരിവേട്ടയുമായി ചെറുതുരുത്തി പൊലീസ്. 80 ലക്ഷം രൂപയുടെ നിരോധിത പുകയിലകൾ ഉത്പന്നങ്ങൾ പിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന സംഘത്തെയാണ് ആദ്യം പിടികൂടിയത്. പ്രതി ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മായന്നൂർ പടിഞ്ഞാറ്റുമുറി അങ്ങളൂർ അനൂപിന്റെ വീട്ടിൽ പരിശോധന നടത്തുകയും കാറിലും ഓട്ടോയിലുമായി സൂക്ഷിച്ചിരുന്ന 4 ലക്ഷത്തോളം രൂപ വരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
തുടർന്ന് അനൂപിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പല ജില്ലകളിലായി വിതരണം ചെയ്യാൻ വെച്ചിരിക്കുന്ന ഗോഡൗണിനെ കുറിച്ച് അറിയുകയും ഒറ്റപ്പാലം പത്തിരിപ്പാല സ്വദേശി റഷീദിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗൺ വളഞ്ഞ് പുകയില ഉത്പന്നങ്ങൾ കസ്റ്റഡിയിലെടുത്തു. 10,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. വിപണിയിൽ 80 ലക്ഷത്തോളം രൂപ വില വരുന്ന ഒരു ലക്ഷം പുകയിലയാണ് പിടിച്ചെടുത്തത്. തുടർന്ന് ലോറിയിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇൻസ്‌പെക്ടർ ബോബി വർഗീസ്, സബ് ഇൻസ്‌പെക്ടർ ആനന്ദ്.ഡി.എസ്, സബ് ഇൻസ്‌പെക്ടർ വിനു.കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനീത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീദേവി, സി.പി.ഒമാരായ അനൂപ്, ജയകുമാർ, അനീഷ്, ജനുമോൻ എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തുന്നത്.