കോഴിക്കോട്: തടവുപുള്ളിയെ സന്ദർശിക്കാനെത്തിയവർ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ റിമാൻഡിൽ. കണ്ണൂർ കൊട്ടിയൂർ സ്വദേശി പാറച്ചാലിൽ അജിത്ത് വർഗീസ് (24), മലപ്പുറം കൊണ്ടോട്ടി സ്വദേശി മുതുവല്ലൂർ പാറക്കുളങ്ങര ജിൽഷാദ് (30) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ജില്ലാ ജയിലിലായിരുന്നു സംഭവം. നിരവധി കേസുകളിൽ പെട്ട് നേരത്തെ ജയിലിൽ കിടന്ന് ജാമ്യത്തിലിറങ്ങിയ അജിത്ത് വർഗീസും ജിൽഷാദും ഉൾപ്പെട്ട സംഘം ജയിലിലെത്തി, സ്‌പെഷ്യൽ സബ് ജയിലിൽ നിന്ന് ജില്ല ജയിലേക്ക് മാറ്റിയ പ്രതിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സന്ദർശന സമയം അവസാനിച്ചെന്നും പുറത്തുപോകണമെന്നും ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. പ്രിസൺ ഓഫിസർ നിധിൻ അറിയിച്ചെങ്കിലും സംഘം ഇതംഗീകരിക്കാരെ ഉദ്യോഗസ്ഥനുനേരെ തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നു. തടയാനെത്തിയപ്പോഴാണ് അസി. പ്രിസൺ ഓഫിസർമാരായ എ.സി. പ്രദീപ്, രഞ്ജിഷ് എന്നിവരെയും ഇരുവരും ആക്രമിച്ചത്.