s

തിരുവനന്തപുരം:സോളാർ നെറ്റ് മീറ്റർ സംവിധാനത്തിൽ ഉടൻ മാറ്റമുണ്ടാക്കില്ലെന്ന് ഇന്നലെ വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ഹാളിൽ നടന്ന തെളിവെടുപ്പിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു.നെറ്റ് മീറ്റർ രണ്ടാം ഭേദഗതിക്കായാണ് തെളിവെടുപ്പ് നടത്തിയത്.

നിലവിലെ ബില്ലിംഗ് രീതി അടുത്ത വർഷം ഏപ്രിൽ വരെ തുടരും. ബില്ലിംഗ് സംവിധാനം മാറ്റുന്നെങ്കിൽ വിശദമായ ചർച്ചകൾക്കും ആലോചനകൾക്കുംശേഷം മാത്രമായിരിക്കുമെന്നും കമ്മിഷൻ ഉറപ്പ് നൽകി.

പുരപ്പുറ സോളാർ സ്ഥാപിച്ചിട്ടും വൈദ്യുതി ബിൽ കൂടുന്നതിൽ ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഉപഭോക്താക്കൾക്ക് വൻതിരിച്ചടിയുണ്ടാക്കുന്ന ഗ്രോസ്മീറ്റർ സംവിധാനം വരുമെന്ന ആശങ്ക സോളാറിൽ നിന്ന് ജനങ്ങളെ അകറ്റുകയാണെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.

പുരപ്പുറ സൗരോർജ ഉത്പാദകഉപയോക്താക്കളുടെ വാർഷിക സെറ്റിൽമെന്റ് സെപ്തംബറിൽ നിന്ന് മാർച്ചിലേക്ക് മാറ്റിയിരുന്നു.

ഇതോടെ ഓരോ മാസവും മിച്ചം വരുന്ന സൗരോർജ യൂണിറ്റ് വേനൽക്കാലത്ത് ഉപയോഗിക്കാനുള്ള ഉത്പാദകരുടെ സാധ്യത ഇല്ലാതായി.മാർച്ചിൽ കണക്കുകൾ തീർക്കുന്നതിനാൽ ആ കാലയളവിൽ ഉപഭോഗം കൂടുതലായതിനാൽ കനത്ത ബിൽ വരാനുംതുടങ്ങി.

സെറ്റിൽമെന്റ് മാസം സെപ്തംബറിലേക്ക് മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. ഉത്പാദകൻ നേരിട്ട് ഉപയോഗിക്കുന്ന സൗരോർജത്തിനും ഫിക്സഡ് നിരക്ക് ഏർപ്പെടുത്തിയ

തും യോഗത്തിൽ ഉന്നയിച്ചു. ടൈം ഓഫ് ദ ഡേ ബില്ലിംഗ്, ബാങ്കിംഗ്, വീലിംഗ് സമ്പ്രദായങ്ങളിലെ അശാസ്ത്രീയതയും കെ.എസ്.ഇ.ബി.യുടെ പ്രതികൂല നിലപാടും യോഗത്തിൽ പരാതിയായി ഉയർന്നു.സോളാർ ഉപഭോക്താക്കളുടെ വാട്സ് ആപ്പ് കൂട്ടായ്മയും യോഗത്തിൽ പരാതി അറിയിച്ചു. കെ.എസ്.ഇ.ബി. പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.