കല്ലമ്പലം: വാഗമണിൽ കുടുംബസമേതമുള്ള വിനോദയാത്രയ്ക്കിടയിൽ കുട്ടിക്കാനത്തുവച്ച് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാവായിക്കുളം വെട്ടിയറ വിളയിൽ വീട്ടിൽ ഷിബു -മഞ്ചു ദമ്പതികളുടെ മൂത്ത മകൾ പ്ലസ്‌ടു വിദ്യാർത്ഥി ഭദ്രയ്ക്ക് (18) ജന്മനാട് വിട നൽകി.
പ്ലസ്‌ടു പരീക്ഷയിൽ 83 ശതമാനം മാർക്ക് നേടി വിജയിച്ചതായി അറിഞ്ഞ സമയത്തുതന്നെയാണ് നിനച്ചിരിക്കാതെയെത്തിയ അപകടം ഭദ്രയുടെയും മാതൃ സഹോദരി പാരിപ്പള്ളി സ്വദേശിനിയായ സിന്ധുവിന്റെയും ജീവനെടുത്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ചതുമുതൽ നിരവധി ആളുകളാണ് ഭദ്രയെ കാണാനെത്തിയത്. സിന്ധു(45)വിന്റെ മൃതദേഹം പാരിപ്പള്ളിയിലെ വീട്ടിൽ സംസ്കരിച്ചു.
അപകടത്തിൽപ്പെട്ട സിന്ധുവിന്റെ മകൻ ആദിദേവ് (21), ഭദ്രയുടെ അനുജത്തി ഭാഗ്യ (12), ഷിബു (51), മഞ്ചു(43) എന്നിവർ പരിക്കുകളോടെ ചികിത്സയിലായിരുന്നു. ഇതിൽ നിസ്സാര പരിക്കേറ്റ ഷിബു, ആദിദേവ് എന്നിവർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
അനുജത്തി ഭാഗ്യയെ മരണവിവരം അറിയിച്ചിട്ടില്ല. ചികിത്സയിൽ കഴിയുന്നവരെ പാലയിലെ ആശുപത്രിയിൽ നിന്നും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റി. ഇതിനിടയിലാണ് ഭദ്രയുടെ മൃതദേഹം മാതാവ് മഞ്ചുവിനെ കാണിച്ചത്.
കഴിഞ്ഞ 9 നാണ് ഇടുക്കി കുട്ടിക്കാനത്തു വച്ച് നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞത്. അടൂർ പ്രകാശ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാബു, വാർഡംഗം ജോസ് പ്രകാശ് തുടങ്ങി നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു.
ഫോട്ടോ
ഭദ്രയെ അവസാനമായി ഒരുനോക്കു കാണാൻ വീടിനുമുന്നിൽ തടിച്ചുകൂടിയ ജനം