k

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ ആഗ്രഹം നിറവേറ്റി എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കോട്ടൺ ഹിൽ സ്കൂൾ വിദ്യാർത്ഥി നിവേദ്യ ആർ.മോഹന് നാടിന്റെ സഹായഹസ്തം. തിരുമല ഓടാൻകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന നിവേദ്യയ്ക്ക് തുടർപഠനത്തിനുള്ള എല്ലാ സഹായങ്ങളും നൽകുമെന്ന് തിരുമല വാർഡ് കൗൺസിലർ അനിൽകുമാർ പറഞ്ഞു.

ഫലമറിഞ്ഞ ശേഷം നിറകണ്ണുകളോടെ അസുഖം ബാധിച്ച് ആശുപത്രി കിടക്കയിലായിരുന്ന അമ്മ ധന്യയെ വിളിക്കുന്ന നിവേദ്യയുടെ വാർത്തയും ചിത്രവും കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത കണ്ട് കൗൺസിലറും സഹപ്രവർത്തകരും വീട്ടിലെത്തി മധുരം നൽകി. അച്ഛൻ മരിച്ചശേഷം അമ്മയായിരുന്നു നിവേദ്യയുടെ കരുത്ത്. ആലപ്പുഴ സ്വദേശികളായ ഇവർ അച്ഛന്റെ ജോലി സംബന്ധമായാണ് തിരുവനന്തപുരത്തെത്തിയത്. സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് സ്ഥലം വാങ്ങാനും വീട് വയ്ക്കുന്നതിനുമുള്ള ആനുകൂല്യം നൽകുമെന്ന് കൗൺസിലർ അറിയിച്ചു.