തിരുവനന്തപുരം: മുൻ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫിനെ കോൺഗ്രസിൽ തിരിച്ചെടുത്ത നടപടി റദ്ദ് ചെയ്ത് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ച് കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ ഇന്നലെ ലത്തീഫിന് കത്ത് നൽകി.

യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ആക്ടിംഗ് പ്രസിഡന്റായിരുന്ന കാലയളവിലാണ് കടുത്ത എ വിഭാഗക്കാരനായ എം.എ ലത്തീഫിനെ പാർട്ടിയിൽ തിരിച്ചെടുത്തത്. എന്നാൽ ഇതിനെതിരെ ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിമർശനമുന്നയിച്ചിരുന്നു. ഹസൻ ഇക്കാര്യത്തിൽ എടുത്ത തീരുമാനത്തിൽ വിയോജിപ്പുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് തിരികെയെത്തിയ സുധാകരൻ വ്യക്തമാക്കിയിരുന്നു.വിഷയത്തിൽ കൂടിയാലോചന ഉണ്ടായില്ലെന്നും എതിർപ്പുള്ള തീരുമാനങ്ങൾ പുന:പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.