പാറശാല: കുളത്തൂർ പഞ്ചായത്തിലെ കർഷകർ ദുരിതത്തിലായിട്ട് ആറ് മാസം പിന്നിടുന്നു. കൃഷി ചെയ്യാനായി വെള്ളമില്ലാത്തതാണ് ദുരിതങ്ങൾക്ക് കാരണം. കൃത്യമായി വെള്ളക്കരം അടക്കാറുണ്ടെങ്കിലും വേനൽ കടുക്കുമ്പോൾ കനാലിലൂടെ ഒരു തുള്ളി വെള്ളം എത്താറില്ല. കുളത്തൂർ പഞ്ചായത്തിലെ വെങ്കടമ്പ്, കീഴമ്മാകം, പോരന്നൂർ വാർഡുകളിലെ കർഷകർ കനാൽ വെള്ളത്തെ ആശ്രയിച്ച് മാത്രമാണ് കൃഷിചെയ്തുവരുന്നത്. മാസങ്ങളായി വെള്ളമെത്താത്തതിനെ തുടർന്ന് ഇവിടുത്തെ മിക്ക കുളങ്ങളും കിണറുകളും വറ്റിവരണ്ട നിലയിലാണ്. പച്ചക്കറി, വാഴ, മരച്ചീനി, തെങ്ങ് തുടങ്ങിയ വിളകൾ കൃഷിചെയ്യുന്ന കർഷകർ ചേർന്ന് പലതവണ നെയ്യാർ ഇറിഗേഷൻ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഉടനെ വെള്ളമെത്തുമെന്ന മറുപടി നൽകി മടക്കി അയക്കുകയല്ലാതെ യാതൊരു നടപടിയുമുണ്ടാവാറില്ല. നെയ്യാർ ഇടതുകര കനാലിലൂടെ എത്തുന്ന വെള്ളം സബ് കനാലിലൂടെ ചെങ്കൽ പഞ്ചായത്തിലെ പൊൻവിള വരെയും എത്തുന്നുണ്ടെങ്കിലും പൂഴിക്കുന്ന് ഭാഗത്തേക്ക് എത്താറില്ല. കെട്ടിട നിർമ്മാണാവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും കനാലിലെ വെള്ളം ഉപയോഗിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും മൗനം പാലിക്കുകയാണ്.

വെള്ളത്തിനായി നെട്ടോട്ടം

നാട്ടുകാരും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നേരത്തെ ജലനിധി പദ്ധതി പ്രകാരം വെങ്കടമ്പ് വാർഡിൽ അനുവദിച്ച ശുദ്ധജല പദ്ധതിയുടെ നിർമ്മാണഘട്ടം മുതൽക്കുതന്നെ അഴിമതി ആരോപണങ്ങൾ പിന്തുടരുന്നതിനാൽ ഇപ്പോഴും പൂട്ടിയ നിലയിലാണ്. കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങളും മുടങ്ങി. കുടിവെള്ളത്തിനായി ഇനി ആരെ സമീപിക്കണമെന്ന ആശങ്കയിലാണ് പ്രദേശത്തെ കർഷകർ.

കരകൾ ഇടിഞ്ഞു,

വെള്ളം തടസപ്പെടുന്നു

നെയ്യാർ ഇടതുകര മെയിൻ കനാലിലൂടെ എത്തുന്ന വെള്ളം പല സബ് കനാലുകളിലൂടെ കടത്തിവിട്ട് താലൂക്കിലെ വിവിധ മേഖലകളിലെത്തിച്ച് കാർഷികാവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ കനാലുകൾ സംരക്ഷിക്കപ്പെടാത്തതിനാൽ പല ഭാഗത്തും കരകൾ ഇടിഞ്ഞു, അതിനാൽ വേണ്ടത്ര വെള്ളം കടത്തിവിടാൻ കഴിയാത്ത അവസ്ഥയാണ്. കരകൾ ഇടിഞ്ഞതിനെ തുടർന്ന് വെള്ളം കരകവിഞ്ഞ് ഒഴുകുന്നതും കനാലിലേക്ക് വലിച്ചെറിയുന്ന ചപ്പുചവറുകളും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിന് കാരണമാവുന്നു.