തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ തിങ്കളാഴ്ച വരെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ നേരിയ മഴയുണ്ടാവും. തീരദേശ മേഖലയിൽ മഴ കുറവായിരിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
തെക്കൻ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല.
ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും യെല്ലോ അലർട്ട്.
പാലക്കാട് റെക്കാഡ് മഴ
പാലക്കാട്: 41 ഡിഗ്രി വരെ താപനില ഉയർന്ന പാലക്കാട് ജില്ലയിൽ മേയിൽ റെക്കാഡ്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 93.7 മില്ലീമീറ്റർ മഴ ലഭിച്ചു.സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ 47% അധികം. പാലക്കാട് ജില്ലയിൽ ചൂടും ഗണ്യമായി കുറഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയത് 35.5 ഡിഗ്രിയാണ്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്, 103.2 മില്ലീ മീറ്റർ ( 7% കൂടുതൽ ).