തിരുവനന്തപുരം: നഗരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യബോർഡുകൾ കണ്ടെത്തിയാൽ പിഴയീടാക്കാനും പൊളിച്ചുനീക്കാനും തീരുമാനിച്ച് നഗരസഭ. പരസ്യബോർഡുകൾ കാരണമുണ്ടാകുന്ന അപകടങ്ങളുടെ സാഹചര്യത്തിലാണ് തീരുമാനം.

അനുമതിയോടെ മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാപിക്കുന്ന ബോർഡുകളുടെ ഘടനാപരമായ സ്ഥിരത ഉറപ്പാക്കാൻ എൻജിനിയറിംഗ് റവന്യു ഉദ്യോഗസ്ഥരുടെ സ്‌ക്വാഡും രൂപീകരിക്കും. നഗരസഭ ഹോളോഗ്രാം പതിപ്പിക്കാതെ സ്ഥാപിച്ചിട്ടുള്ളവയെല്ലാം ഉടൻ നീക്കം ചെയ്യും. മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അഗ്നിരക്ഷാ സേന, പരസ്യ ഏജൻസി പ്രതിനിധികളുടെ യോഗത്തിന്റേതാണ് തീരുമാനം.

അനധികൃത പരസ്യബോർഡുകൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ അഗ്നിരക്ഷാസേന,പൊലീസ് എന്നിവരോട് നിർദ്ദേശിക്കാനും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ പി.കെ.രാജു,സെക്രട്ടറി എസ്.ജഹാംഗീർ,സൂപ്രണ്ടിംഗ് എൻജിനിയർ ആർ.സജീഷ്,റവന്യു ഓഫീസർ അനിൽകുമാർ,സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ എസ്.അനിൽ,ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.