ss

മോഹൻലാൽ നായകനായ ഒപ്പം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് പ്രിയദർശൻ. സെയ്ഫ് അലിഖാനും ബോബി ഡിയോളുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരിൽ ആരായിരിക്കും മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായി എത്തുക എന്നു അറിവായിട്ടില്ല. പ്രിയദർശന്റെ സംവിധാനത്തിൽ 2016 ൽ റിലീസ് ചെയ്ത ഒപ്പത്തിൽ ജയരാമൻ എന്ന അന്ധനായ ലിഫ്ട് ഓപ്പറേറ്ററുടെയും കെയർ ടേക്കറുടെയും വേഷമാണ് മോഹൻലാൽ അവതരിപ്പിച്ചത്. ഗന്ധം, കേൾവി, സ്പർശനം എന്നിവയിൽ ഉയർന്ന ഇന്ദ്രിയവും കളരിപ്പയറ്റിൽ നിപുണനുമായിരുന്നു ആ കഥാപാത്രം. സീരിയൽ കില്ലർ വാസുദേവനായി സമുദ്രകനിയും എത്തിയിരുന്നു. ഈ വേഷമായിരിക്കും ബോബി ഡിയോൺ അവതരിപ്പിക്കുക എന്നാണ് വിവരം. വാസുദേവന്റെ മകളായ നന്ദിനി ജയരാമന്റെ വളർത്തു പുത്രി കൂടിയായിരുന്നു. മീനാക്ഷി അവതരിപ്പിച്ച നന്ദിനിയും ജയരാമനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഊഷ്മളത നിറഞ്ഞ ഒപ്പം മികച്ച വിജയം നേടിയിരുന്നു.

താൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ മിന്നാരം സിനിമയുടെ ഹിന്ദി റീമേക്കായ ഹുംഗാമ 2 ആണ് ബോളിവുഡിൽ പ്രിയദർശൻ അവസാനമായി ഒരുക്കിയ ചിത്രം. 2021 ൽ റിലീസ് ചെയ്ത ചിത്രത്തിൽ പരേഷ് റാവൽ, ശില്പ ഷെട്ടി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.