1

വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് ആദ്യഘട്ടത്തിൽ ആവശ്യമായ ക്രെയിനുകളുമായി എത്തിയ അവസാന കപ്പൽ ഷെൻഹുവ- 34 ഇന്നലെ ബർത്തിലടുപ്പിച്ചു. കഴിഞ്ഞ ദിവസം പുറംകടലിൽ നങ്കൂരമിട്ട കപ്പൽ ഇന്നലെ രാവിലെ 11.10ഓടെയാണ് ബർത്തിലെത്തിയത്. രണ്ടു ഷിപ്പ് ടു ഷോർ ക്രെയിനുകളും 2 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് എത്തിച്ചത്. ഇതോടെ ആദ്യ ഘട്ടത്തിൽ ആവശ്യമുള്ള 32 ക്രെയിനുകളിൽ 31 എണ്ണവും തുറമുഖത്ത് എത്തി. സാങ്കേതികത്തകരാർ കാരണമാണ് ഒരു കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിൻ എത്തിക്കാൻ വൈകുന്നതെന്ന് അധികൃതർ അറിയിച്ചു. ജൂൺ 15നുശേഷം ലോകത്തെ ഏറ്റവും ശേഷി കൂടിയ കപ്പൽ, കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തെത്തും. ഇതുമായി ബന്ധപ്പെട്ട അവസാനവട്ട ജോലികൾ പുരോഗമിക്കുകയാണ്. യാർഡ്, ബർത്ത് എന്നിവയുമായി ബന്ധപ്പെട്ട പണികളാണ് ദ്രുതഗതിയിൽ നടക്കുന്നത്.