general

ബാലരാമപുരം: മദ്ധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ ബാലരാമപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പരിസരം മരച്ചില്ലകൾ കൊണ്ടുനിറഞ്ഞു. ശുചീകരണത്തിന് പ്രത്യേകഫണ്ട് അനുവദിക്കാത്തത് കാരണം സ്കൂൾ പരിസരം വൃത്തിഹീനമാണ്. ആഴ്ചകൾക്ക് മുൻപ് മുറിച്ചിട്ട മരച്ചില്ലകളാണ് നീക്കം ചെയ്യാതെ സ്കൂൾ കോമ്പൗണ്ടിൽ കൂട്ടിയിട്ടിരിക്കുന്നത്. തദ്ദേശഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച സ്കൂൾ വളപ്പിലെ ടോയ്‌ലെറ്റുകളും വൃത്തിഹീനമാണ്. സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് പോലും വർഷങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്തിട്ടില്ല. സ്കൂളിൽ മൈതാനമില്ലാത്തത് കാരണം വിദ്യാർത്ഥികൾക്ക് കായികപരിശീലനവും ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സ്കൂളിൽ സ്കൗട്ട്,​എൻ.സി.സി,​ എൻ.എസ്.എസ് യൂണിറ്റുകളുടെ പ്രവർത്തനം നിലച്ചിട്ടും വർഷമേറെയായി.മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ബാലരാമപുരം സ്കൂളിലും ശുചീകരണം കാര്യക്ഷമാക്കുമെന്ന് ബാലരാമപുരം പഞ്ചായത്ത് അറിയിച്ചു.