തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ക്രമക്കേടുകൾ കണ്ടെത്താൻ 'ഓപ്പറേഷൻ അപ്പ​റ്റൈ​റ്റ്' എന്ന പേരിൽ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.ഇന്നലെ രാവിലെ 11ന് തുടങ്ങിയ പരിശോധന രാത്രിയും തുടരുന്നു. ഹോട്ടലുകൾക്കും, ഭക്ഷ്യ ഉഉത്പാദകർക്കും ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന രജിസ്‌ട്രേഷനിലും, ലൈസൻസിംഗിലും ക്രമേക്കേടുകൾ നടക്കുന്നതായും, ഹോട്ടലിലെ ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിൽ ക്രമക്കേടുണ്ടെന്നും വിജിലൻസിന് വിവരം കിട്ടിയിരുന്നു. പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളിൽ ഗുണ നിലവാരമില്ലായെന്ന പരിശോധന ഫലം വരുന്നവയിൽ തുടർനടപടികൾ വൈകിപ്പിക്കുന്നു. മാർച്ച് 31 നകം റിട്ടേൺ ഫയൽ ചെയ്യാത്തവരിൽ നിന്നും പിഴ ഈടാക്കാതിരിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ലഭിക്കുന്ന പരാതികളിൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും വിജിലൻസിന് വിവരം കിട്ടിയിരുന്നു. ഭക്ഷ്യ സുരക്ഷാ കമ്മിഷണറേ​റ്റിലും, 14 ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്​റ്റന്റ് കമ്മീഷണർമാരുടെ ഓഫീസുകളിലും 52 ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിലും ഉൾപ്പെടെ ആകെ 67 ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലാണ് മിന്നൽ പരിശോധന. വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിന്റെ ഉത്തരവ് പ്രകാരം നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണി​റ്റുകളും പങ്കെടുക്കുന്നു.