നെടുമങ്ങാട് : അരുവിക്കര ജലസംഭരണി ആഴം കൂട്ടി മണലും ചെളിയും നീക്കം ചെയ്യാനുള്ള പദ്ധതി ഈ വേനലിലും നടപ്പായില്ല. ജല അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ള ചുള്ളിയാർ, മംഗലം ഡാമുകളിൽ മണ്ണും എക്കലും മാലിന്യവും നീക്കം ചെയ്തതിന്റെ ചുവടുപിടിച്ച് അഞ്ച് വർഷമായി നടത്തിവരുന്ന ആലോചനകളാണ് ലക്ഷ്യം കാണാതെ ഇഴയുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനാണ് നിലവിൽ ഡാം ആഴം കൂട്ടലിന്റെ ചുമതല. അടുത്തിടെ ടെൻഡർ നൽകിയതായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുമ്പോഴും നടപടികൾ എങ്ങുമെത്തിയിട്ടില്ലെന്നാണ് ജല അതോറിട്ടിയും ജനപ്രതിനിധികളും ആരോപിക്കുന്നത്. മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ, വാട്ടർ അതോറിട്ടി ചീഫ് എൻജിനീയർ, സൂപ്രണ്ടിംഗ് എൻജിനീയർ, ഇറിഗേഷൻ ചീഫ് എൻജിനീയർ തുടങ്ങി വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരടങ്ങിയ എക്സ്‌പ്രഷൻ ഒഫ് ഇന്റസ്റ്റ് കമ്മിറ്റി തയ്യാറാക്കി സമർപ്പിച്ച പഠനറിപ്പോർട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് ആഴംകൂട്ടൽ നടപടികളുടെ തുടക്കം. 48 ഹെക്ടർ വിസ്തൃതിയുള്ള റിസർവോയറിൽ എട്ട് മീറ്റർ ആഴത്തിൽ ജലം സംഭരിച്ചു നിറുത്താമെന്നിരിക്കെ, നാലു മീറ്ററിലും മൂന്നര മീറ്ററിലും ഒതുങ്ങിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ആകെ സംഭരണശേഷിയുടെ 40 ശതമാനവും മണലും ചെളിയും മാലിന്യവുമാണെന്നാണ് റിപ്പോർട്ട്. പരമാവധി അഞ്ച് ദിവസത്തേക്കാവശ്യമായ വെള്ളം സംഭരിച്ച് നിറുത്താനേ കഴിയുന്നുള്ളൂ. 2016 ലാണ് ഇതിനു മുമ്പ് ഇവിടെ ഭാഗികമായെങ്കിലും മാലിന്യനീക്കം നടന്നത്. ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ ജല അതോറിട്ടി നടത്തിയ ശ്രമം വിജയകരമായിരുന്നു. 'കുടിവെള്ളം കലങ്ങരുത്" എന്ന ഉപാധി സർക്കാർ മുന്നോട്ടുവച്ചതാണ് നിലവിലെ പ്രവർത്തനങ്ങൾ ഇഴയുന്നതിന് കാരണമായി ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വേനൽമഴയിൽ നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ടെങ്കിലും സംഭരിച്ചു നിറുത്താൻ കഴിയുന്നില്ലെന്നതാണ് ബന്ധപ്പെട്ടവരെ വലയ്ക്കുന്നത്.
ചാറ്റൽ മഴ മതി, ഷട്ടർ തുറക്കാൻ...
അരുവിക്കരയിലെ മൂന്നും വെള്ളയമ്പലത്തെയും നെടുമങ്ങാട്ടെയും ഓരോ ജലശുദ്ധീകരണ ശാലയിലേക്കും ഇവിടെ നിന്ന് നേരിട്ടാണ് വെള്ളം എത്തിക്കുന്നത്. ഇതിനായി ദിവസവും 283 ദശലക്ഷം ലിറ്റർ വെള്ളം പമ്പു ചെയ്യുന്നുണ്ട്. യന്ത്രസാമഗ്രികൾ കേടാകുന്നതും പമ്പിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം തടസപ്പെടുന്നതും അരുവിക്കരയിൽ പതിവാണ്. മെഡിക്കൽ കോളേജിലും കല്ലയം, വട്ടപ്പാറ, ശീമവിള തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ളം അടിക്കടി മുടങ്ങാറുണ്ട്. കഴിഞ്ഞ മഴക്കാലത്ത് 30 ശതമാനത്തോളം കുറവ് സംഭവിച്ചതായാണ് അധികൃതരുടെ വിശദീകരണം. മഴ ചാറിയാലുടൻ ജലനിരപ്പുയരും. പിന്നാലെ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. കഴിഞ്ഞ മഴക്കാലത്ത് നിരവധി തവണ ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കേണ്ടതായി വന്നു. 86 എം.എൽ.ഡി ചിത്തിരക്കുന്ന് പ്ലാന്റിലും 76 എം.എൽ.ഡി ജപ്പാൻ കുടിവെള്ള പ്ലാന്റിലുമാണ് പമ്പിംഗ് തടസം പതിവായത്. പ്ലാന്റുകളിൽ വെള്ളം കടത്തിവിടുന്ന ഇരുമ്പു വലകൾ മാലിന്യം മൂടി വെള്ളം കടക്കാത്ത അവസ്ഥയാണ്. ഡാം വൃത്തിയാക്കാൻ കോടികളുടെ പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.