വിഴിഞ്ഞം: മുല്ലൂർതോട്ടം ആലുമൂട് വീട്ടിൽ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊന്ന് സ്വർണാഭരണങ്ങൾ കവർന്ന് മൃതദേഹം ഒളിപ്പിച്ച കേസിൽ മൂന്നുപ്രതികളും കുറ്റക്കാരെന്ന് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ കണ്ടെത്തി.ഇന്ന് ശിക്ഷാ വിധി പറയും. ഒന്നാം പ്രതി വിഴിഞ്ഞം ടൗൺ ഷിപ് കോളനിയിൽ റഫീക്ക (51),രണ്ടാം പ്രതി പാലക്കാട് പട്ടാമ്പി വിളയൂർ വള്ളികുന്നത്തു വീട്ടിൽ അൽഅമീൻ (27),ഒന്നാം പ്രതിയുടെ മകൻ വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 44 ൽ ഷെഫീഖ് (27) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.2022 ജനുവരി 14നായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശാന്തകുമാരിയെ പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വിളിച്ചുവരുത്തി ഷാൾ കൊണ്ട് കഴുത്ത് മുറുക്കിയ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. മൃതദേഹം തട്ടിൻപുറത്തെ ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്കും തട്ടിനും ഇടയിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പൊലീസ് കഴക്കൂട്ടത്ത് വച്ച് പിടികൂടുകയായിരുന്നു.ഫോർട്ട് എ.സിയായിരുന്ന എസ്.ഷാജിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം എസ്.എച്ച്.ഒയായിരുന്ന പ്രജീഷ് ശശി,എസ്.ഐമാരായ അജിത് കുമാർ,കെ.എൽ.സമ്പത്ത്,ജി.വിനോദ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ കോടതിയിൽ ഹാജരായി.