തിരുവനന്തപുരം:ട്രെയിനിൽ ടി.ടി.ഇ.മാർക്ക് നേരെ തുടർച്ചയായി അക്രമം. നടപടിയെടുക്കാതെ റെയിൽവേ. യാത്രക്കാർക്ക് സുരക്ഷാ ആശങ്ക.റെയിൽവേ ഉദ്യോഗസ്ഥർക്ക് പോലും സുരക്ഷയില്ലെങ്കിൽ യാത്രക്കാരുടെ സുരക്ഷ ആരുനോക്കും ?.
ബംഗളൂരു-കന്യാകുമാരി എക്സ്‌പ്രസിൽ വടക്കാഞ്ചേരിയിൽ വെച്ച് ടിടിഇമാരായ ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ, വടകരയിൽ വച്ച് ചെന്നൈ - മംഗലാപുരം എക്സ്‌പ്രസിലെ ടി.ടി.ഇ ആർദ്ര കെ.അനിൽ എന്നിവരാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്. ഏപ്രിൽ 2ന് ടി.ടി.ഇ മഞ്ഞുമ്മൽ സ്വദേശി കെ.വിനോദിനെ എറണാകുളം – പട്ന എക്സ്‌പ്രസിൽ നിന്നു തള്ളിയിട്ടുകൊന്നു. ഞായറാഴ്ച രാത്രി മാവേലി എക്സ്‌പ്രസിൽ ടി.ടി.ഇ രാജസ്ഥാൻ സ്വദേശി വിക്രം കുമാർ മീണയ്ക്ക് മർദനമേറ്റു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.
ജനുവരി 10ന് കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിൽ മദ്യപിച്ചു കയറിയ ആൾ സ്‌കൂൾ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് പോയ വിദ്യാർത്ഥികളുടെ ഉപകരണങ്ങൾ അടങ്ങിയ ബാഗുകൾ കടലുണ്ടിയിൽ വച്ച് പുറത്തേക്കു വലിച്ചെറിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ എലത്തൂരിൽ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ ഷാറൂഖ് സെയ്ഫി എന്നയാൾ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീവച്ചതിൽ ഒരു കുഞ്ഞുൾപ്പടെ 3 പേർ മരിക്കുകയും 9 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഓരോ കംപാർട്‌മെന്റിലും ആർപിഎഫ് അടക്കമുള്ള സേനയെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. നടപടി ഉണ്ടായില്ല. സ്ഥിതി മോശമാവുകയും ചെയ്തു.
യാത്രക്കാർ നേരിടുന്ന മറ്റൊരു ഭീഷണി കല്ലേറാണ്.വന്ദേഭാരത് എക്സ്‌പ്രസിന് നേരെ കല്ലേറ് പതിവായിട്ടുണ്ട്. ഇതിൽ പലർക്കും പരുക്കേറ്റു. തിരൂർ മുതൽ പരപ്പനങ്ങാടി വരെ കല്ലേറ് കൂടുതലാണെന്ന് ആർപിഎഫ് പറയുന്നു.ആവശ്യത്തിനു സേനാംഗങ്ങളില്ലാത്തതിനാൽ ആർപിഎഫിന് ട്രെയിനിൽ സേവനം നൽകാൻ കഴിയുന്നില്ല.
ജനറൽ ടിക്കറ്റെടുത്ത് സ്ളീപ്പർ ക്ളാസിൽ യാത്രചെയ്യുന്നവർ റിസർവ്വ്ഡ് യാത്രക്കാർക്ക് സീറ്റ് നിഷേധിക്കുന്നത് കേരളത്തിന് പുറത്ത് പതിവാണ്. ഇവിടെ മാവേലിയിലും നേത്രാവതിയിലും മംഗളയിലും മലബാറിലുമെല്ലാം ഈ അവസ്ഥയുണ്ട്.
ട്രെയിനിൽ ടി.ടി.ഇയെ കൈയേറ്റം
ചെയ്ത രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: ട്രെയിനിൽ ടി.ടി.ഇയെ കൈയേറ്റംചെയ്ത രണ്ട് യാത്രക്കാരെ റെയിൽവേ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം വെളിയങ്കോട് മൂസാന്റകത്ത് ആഷിഫ് എം.എച്ച് (28), അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരു - കന്യാകുമാരി എക്സ്‌പ്രസിൽ ഇന്നലെ പുലർച്ചെ ആറോടെ വടക്കാഞ്ചേരി സ്റ്റേഷനിലായിരുന്നു സംഭവം. ജനറൽ ടിക്കറ്റുമായി സ്ളീപ്പർകോച്ചിൽ വന്ന ആഷിഫിനോട് ഫൈനടയ്ക്കാൻ ടി.ടി.ഇ മനോജ് കെ. വർമ്മ ആവശ്യപ്പെട്ടു. തുക അടയ്ക്കാതെ തർക്കിച്ച് ടി.ടി.ഇയെ ട്രെയിനിനകത്തേയ്ക്ക് ഇരുവരും ചേർന്ന് തള്ളിയിടുകയായിരുന്നു.
എറണാകുളം ടൗൺസ്റ്റേഷനിൽവച്ചാണ് അറസ്റ്റുചെയ്തത്. ആഷിഫിന്റെ പക്കൽനിന്ന് കഞ്ചാവും കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. ചികിത്സതേടിയ ടി.ടി.ഇ മൊഴിനൽകിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.