തിരുവനന്തപുരം: ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവും ഡെപ്യൂട്ടി കമ്മിഷണ‍ർ പി. നിതിൻരാജും കേരളകൗമുദിയോട് പറഞ്ഞു. കേരളകൗമുദി പ്രസിദ്ധീകരിച്ച 'ഗുണ്ടകളുടെ നഗരം" പരമ്പരയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

ഓപ്പറേഷൻ ആഗ് ശക്തമായി തുടരുന്നതിനൊപ്പം ഗുണ്ടകളെ നിരന്തരം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ തലസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ ഉണ്ടായിട്ടില്ല. കരമനയിലുണ്ടായ സംഭവം നിർഭാഗ്യകരമാണ്. ഗുണ്ടകളുമായി ബന്ധപ്പെട്ട് ഇന്നലെ മുപ്പതോളം റെയ്ഡുകൾ നടത്തിയെന്നും കമ്മിഷണർ പറഞ്ഞു.

ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കുമെതിരെ ശക്തമായ നടപടികളാണ് സിറ്റി പൊലീസ് സ്വീകരിച്ചുവരുന്നതെന്ന് ഡി.സി.പി പി.നിതിൻരാജ് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്തിയത് തലസ്ഥാനത്താണ്. ഗുണ്ടാ ആക്രമണങ്ങളോട് പൊലീസ് ഒരിക്കലും മൃദുസമീപനം പുലർത്തില്ല. കരമന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇനിമുതൽ കൃത്യമായ ഇടവേളകളിൽ പ്രത്യേക സംഘം പരിശോധനകൾ നടത്തും. ബാറുകൾ പോലെ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും കേന്ദ്രീകരിക്കുന്ന സ്ഥലങ്ങൾ പ്രത്യേകം നിരീക്ഷിക്കും. ചെറിയ കേസുകളിൽ പെട്ടവരായാൽപ്പോലും പിന്നീടുള്ള അവരുടെ ജീവിതവും പ്രവർത്തനങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കും. മയക്കുമരുന്ന്, ലഹരി കേസുകളിൽ ഉൾപ്പെട്ടവരെ പ്രത്യേകം നിരീക്ഷിക്കും.

സഹായികളും കുടുങ്ങും

ഗുണ്ടകൾക്ക് സാമ്പത്തികമായും അല്ലാതെയും സഹായവും പിന്തുണയും നൽകുന്നവരെ രണ്ടാംഘട്ടത്തിൽ പിടികൂടുമെന്ന് ഡി​.സി.പി പറഞ്ഞു. ഇത്തരക്കാരുടെ സാമ്പത്തിക ഇടപാടുകളും പശ്ചാത്തലവും അടക്കം പരിശോധിച്ച് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റം ചെയ്യുന്നത് പോലെ പ്രധാനമാണ് കുറ്റകൃത്യത്തിന് സഹായങ്ങൾ നൽകുന്നതും. രണ്ടും ഒരേ പ്രാധാന്യത്തോടെ കണ്ടുള്ള നടപടികളാവും ഇനിയുണ്ടാവുക. നഗരത്തിലേയും റൂറലിലേയും സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പൊലീസ് സംഘം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നിതിൻ രാജ് വ്യക്തമാക്കി.