തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി ആദ്യദിനം ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചത് 92,561പേർ. ഇന്നലെ വൈകിട്ട് 4.45വരെയുള്ള കണക്കാണിത്. ഏറ്റവുമധികം പേർ അപേക്ഷ സമർപ്പിച്ചത് മലപ്പുറത്ത്- 12,029 പേർ. 25വരെ അപേക്ഷ സമർപ്പിക്കാം. 29ന് ട്രയൽ അലോട്ട്‌മെന്റും ജൂൺ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും നടക്കും. ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയിൽ പിശകുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താൻ അവസരം ലഭിക്കും. വെബ്‌സൈറ്റ് : https://hscap.kerala.gov.in.


ഒരു ജില്ലയിൽ മെറിറ്റ് സീറ്റിലേക്ക് ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കാനാവില്ല. ഒന്നിലധികം ജില്ലയിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം.

ജില്ല, അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ: തിരുവനന്തപുരം- 8093, കൊല്ലം- 7239, പത്തനംതിട്ട- 3995, ആലപ്പുഴ- 7196, കോട്ടയം- 6104, ഇടുക്കി- 3482, എറണാകുളം- 7706, തൃശൂർ- 6377, പാലക്കാട്- 9950, കോഴിക്കോട്- 6935, മലപ്പുറം- 12029, വയനാട്- 2434, കണ്ണൂർ- 6269, കാസർകോട്- 4752.