photo

പാലോട്: മഴക്കാലം തുടങ്ങിയതോടെ പ്രദേശത്ത് മാലിന്യ പ്രശ്നങ്ങളും തുടങ്ങി. മഴക്കാലത്ത് പകർച്ചവ്യാധി പ്രശ്നങ്ങൾ രൂക്ഷമാകുമെന്ന സാഹചര്യം നിലനിൽക്കുമ്പോഴും പ്രദേശത്ത് കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനോ മാലിന്യം തള്ളുന്നത് തടയാനോ വേണ്ട നടപടികൾ ഇതുവരെ അധികാരികൾ സ്വീകരിച്ചിട്ടില്ല. മഴ തുടങ്ങിയതോടെ പ്രദേശത്ത് പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ജനവാസ മേഖലകളെല്ലാം ചീഞ്ഞുനാറുന്നു. നിരവധി പ്രാവശ്യം മാലിന്യം തള്ളാനെത്തിയവരെയും മാലിന്യം എത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്തെങ്കിലും പിഴ ചുമത്തി വിടുകയാണ് പതിവ്. നന്ദിയോട്, പാങ്ങോട്, പെരിങ്ങമ്മല പ‌‌ഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നതെന്നാണ് പരാതി.

 കുമിഞ്ഞുകൂടി എം.സി.എഫ്

പഞ്ചായത്തുകൾ അരലക്ഷം രൂപയോളം ചെലവഴിച്ച് സ്ഥാപിച്ച മിനി എം.സി.എഫ് യൂണിറ്റുകൾ നിറഞ്ഞു കവിഞ്ഞ നിലയിലാണ്. എല്ലാ എം.സി.എഫ് യൂണിറ്റുകളുടെയും പരിസരങ്ങൾ മുഴുവൻ മാലിന്യക്കൂമ്പാരങ്ങളാണ്. മഴക്കാലമായതോടെ പരിശോധനകൾക്ക് കുറവു വന്നു. ഇതേ തുടർന്ന് വീണ്ടും അറവ് - ഹോട്ടൽ മാലിന്യം തള്ളൽ പതിവായി. ഇവ അഴുകി മഴവെള്ളത്തോടൊപ്പം എത്തുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നു.

 മാലിന്യവാഹികൾ

വാമനപുരം നദിയിലേക്കെത്തുന്ന പച്ച മുടുമ്പ് - പാലോട്, ആലംപാറ - ഇരപ്പ്, പാലോട്- മൈലാടി കൈത്തോടുകൾ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. വീടുകളിലെ മാലിന്യം വരെ ഈ കൈത്തോടുകളിലേക്ക് തുറന്നുവിടാറുണ്ടെന്നാണ് പരാതി. ആശാവർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി നൽകുന്ന നിർദ്ദേശങ്ങൾക്ക് പുല്ലുവിലയാണ് ഇത്തരക്കാർ നൽകുന്നത്. നന്ദിയോട്ടെ മാലിന്യം നിറഞ്ഞ ഓടകൾ നിറഞ്ഞൊഴുകിയെത്തുന്നത് ആലംപാറ തോട്ടിലാണ്. മഴ ശക്തമാകുമ്പോൾ മാലിന്യം കുന്നുകൂടി ഒഴുക്ക് നിലച്ചാൽ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുമെന്നതിൽ സംശയമില്ല.

 പരിശോധന വേണം

നന്ദിയോട് മാർക്കറ്റിലെയും ഹോട്ടലുകളിലെയും മാലിന്യം സമീപത്തെ കൈത്തോടുകളിലാണ് നിക്ഷേപിക്കുന്നത്. കെ.എസ്.ഇ.ബി ഓഫീസും മൃഗാശുപത്രിയും സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ഈച്ചയും കൊതുകും പുഴുവും പെരുകി ദുർഗന്ധം വമിക്കുകയാണ്. തെരുവുനായ്ക്കളുടെ ശല്യവും വർദ്ധിച്ചു. മഴക്കാല പൂർവ ശുചീകരണം അധികാരികൾ നടപ്പാക്കിയില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികാരികളുടെ പരിശോധനകൾ ഈ ഭാഗങ്ങളിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.