കിളിമാനൂർ: ദേശീയപാത നിർമ്മാണത്തിന്റേയും മറ്റ് സർക്കാർ പദ്ധതികളുടേയും പേരിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും വ്യാപകമായി മണ്ണെടുക്കുന്നതിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും പരാതി നൽകി. മണ്ണിടിക്കുന്ന പ്രദേശങ്ങളിൽ റവന്യുവകുപ്പിന്റെ ശക്തമായ പരിശോധന ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വ്യാജ രേഖ ചമച്ച് മണ്ണ് കടത്തിയെന്ന അവനവൻഞ്ചേരി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ മണ്ണ് കടത്തിയ കൺസ്ട്രക്ഷൻ കമ്പനിയുടെ പെർമിറ്റ് ജിയോളജി വകുപ്പ് റദ്ദാക്കിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം വ്യാജരേഖ ചമച്ചവരെയും പരാതിക്കാരെയും ജില്ലാ ജിയോളജി ഓഫീസിൽ വിളിച്ചുവരുത്തി പരാതി പിൻവലിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ മണ്ണ് മോഷണക്കേസ് നിലനിൽക്കെ വ്യാജ രേഖ ചമച്ചവരെ സംരക്ഷിക്കുന്നതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കും മണ്ണ് മാഫിയ സംഘങ്ങൾക്കുമെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയതായി പ്രസിഡന്റ് എൻ.സലിൽ അറിയിച്ചു.