തിരുവനന്തപുരം: ദേശീയപാത 66ൽ കഴക്കൂട്ടം- കടമ്പാട്ടുകോണം റീച്ചിന്റെ ഭാഗമായുള്ള ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം സ്തംഭനാവസ്ഥയിലേക്ക്. നിർമ്മാണത്തിനാവശ്യമായ പാറയും റെഡ് സാൻഡും ലഭിക്കാത്തതാണ് പണി ഇഴയാൻ കാരണം. അനുബന്ധ ജോലികൾ നടക്കുന്നുണ്ട്. 2022 ഒക്ടോബറിൽ ആരംഭിച്ച റോഡുപണിയിൽ 40 ശതമാനമാണ് ഇതുവരെ പൂർത്തിയായത്. വേനൽമഴ ശക്തമായതും തിരിച്ചടിയായിട്ടുണ്ട്.
ചുവന്ന മണ്ണ് കിട്ടാനില്ല
ബൈപ്പാസ് നിർമ്മാണത്തിന് പ്രധാനമായി ഉപയോഗിക്കുന്നത് ചുവന്ന മണ്ണാണ്. മുദാക്കൽ അടക്കമുള്ള സമീപപ്രദേശങ്ങളിൽ നിന്നായിരുന്നു പാറയും ചുവന്ന മണ്ണും കൊണ്ടുവന്നിരുന്നത്. എന്നാൽ പാറ ഖനനത്തിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയതോടെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് പാറ പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. പള്ളിപ്പുറം, തോന്നയ്ക്കൽ അടക്കമുള്ള പലസ്ഥലത്തും റോഡ് ഉയർത്തുന്നതിനായി വലിയ അളവിൽ മണ്ണ് വേണം. ഗ്രാവലും ബിറ്റുമിനും ചേർത്ത് റോഡ് പാകുന്നതിന് ധാരാളം പാറ വേണ്ടിവരും. പദ്ധതി നടത്തിപ്പുകാരായ ആർ.ഡി.എസ് പ്രോജക്ട് മൂന്നാഴ്ച മുമ്പ് ഇക്കാര്യം ദേശീയപാത അതോറിട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രോജക്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ അതോറിട്ടിയുമായി ആഭ്യന്തര തലത്തിൽ ചർച്ചകൾ നടത്തി. വിഷയം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിലും കൊണ്ടുവന്നിട്ടുണ്ട്. രണ്ടു മാസത്തിനകം അസംസ്‌കൃത വസ്തുക്കൾ ലഭിച്ചില്ലെങ്കിൽ പദ്ധതി 2025ൽ പൂർത്തിയാക്കുന്ന കാര്യം സംശയത്തിലാണെന്ന് ആർ.ഡി.എസ് പ്രോജക്ട്സ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ബൈപ്പാസ് ഇങ്ങനെ
പാലമൂടിനും മാമം പാലത്തിനും ഇടയിൽ നിന്നാരംഭിച്ച് മണമ്പൂർ വരെ 11.150 കിലോമീറ്ററാണ് നീളം. മാമം, ചിറയിൻകീഴ്, മണമ്പൂർ, കൊല്ലമ്പുഴ, തൊട്ടിക്കൽ എന്നിവിടങ്ങളിൽ അടിപ്പാതകളും സീമവില്ല, കീഴാറ്റിങ്ങൽ, ആലംകോട് കടയ്ക്കാവൂർ എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളും ഉണ്ടാകും. മാമം, ചിറയിൻകീഴ് എന്നിവിടങ്ങളിൽ ചെറു പാലങ്ങൾ, പൂവമ്പാറയിൽ വാമനപുരം നദിക്കു കുറുകെ വലിയ പാലവും വരും. നിലവിലെ ദേശീയ പാതയെക്കാൾ ഏഴ് മീറ്റർ ഉയരത്തിലാണ് പലയിടത്തും പാത കടന്നുപോകുന്നത്. സർവീസ് റോഡുകളിൽ നിന്ന് ആറുവരിപ്പാതയിലേക്ക് വാഹനങ്ങൾ കയറുന്നതിന് കൃത്യമായ ഇടവേളകളിൽ റോഡ് താഴുന്നതൊഴിച്ചാൽ ഭൂരിഭാഗം സ്ഥലത്തും റോഡ് ഉയർന്നായിരിക്കും.
ഫ്ളൈഓവറുകൾ
04
കലുങ്കുകൾ
36
ചെറിയ പാലങ്ങൾ
06
ഓവർപാസുകൾ
03
വലിയ അണ്ടർപാസുകൾ
05
ഇടത്തരം അണ്ടർപാസുകൾ
06
ചെറിയ അണ്ടർപാസുകൾ
04
കടമ്പാട്ടുകോണം- കഴക്കൂട്ടം റീച്ച്
29.83 കി. മീ
കരാർ തുക
795 കോടി