തിരുവനന്തപുരം: മേട്ടുക്കട ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ബ്യൂട്ടിപാർലർ ഉടമയുടെ മൃതദേഹം പാർലറിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്. നാച്വറൽ റോയ‍ൽ ബ്യുട്ടീക്ക് എന്ന സ്ഥാപനം നടത്തിയിരുന്ന കന്യാകുമാരി കൊല്ലംകോട് സ്വദേശി ഷീലയുടെ(55)​ മൃതദേഹമാണ് കണ്ടെത്തിയത്. കടയിൽ നിന്ന് ദുർഗന്ധം വന്നതോടെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾ കെട്ടിടമുടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജിയെ അറിയിക്കുകയും പിന്നീട് തമ്പാനൂർ പൊലീസെത്തി വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകയറുകയായിരുന്നു.

ശാരീരിക അവശതകളുള്ള ആളായിരുന്നു ഷീല. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതൽ വിവരം ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ സ്ഥാപനം നടത്തുന്ന ഇവർ സ്ഥാപനത്തോടു ചേർന്നുള്ള മുറിയിൽ ഒറ്റയ്ക്കായിരുന്നു താമസം. റോഡ് നിർമ്മാണം നടക്കുന്നതിനാൽ കുറേനാളായി സ്ഥാപനം തുറന്നിരുന്നില്ല. ഏതാനും നാളുകളായി ഇവരെ പുറത്തു കാണാനില്ലെന്ന് സമീപത്തുള്ളവർ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.