തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടക്കുന്ന റോഡ് നിർമ്മാണം മഴ കാരണം മന്ദഗതിയിൽ.നഗരത്തിലെ പ്രധാന റോഡുകളാണ് നിർമ്മാണത്തിനായി നടുഭാഗം വരെ കുഴിച്ചിട്ടിരിക്കുന്നത്.അതിനാൽ ഇപ്പോൾ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്.ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ 15വരെ വളരെ വേഗത്തിലായിരുന്നു നിർമ്മാണം.അതിനുശേഷമാണ് മന്ദഗതിയിലായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്.സ്കൂൾ തുറക്കുന്നതിനു മുൻപ് പണി പൂർത്തീകരിക്കാനാണ് കേരള റോഡ് ഫണ്ട് ബോർഡിന്റെ ലക്ഷ്യം.എന്നാൽ മഴ തിരിച്ചടിയാകുന്നുവെന്ന് അധികൃതർ പറഞ്ഞു.
ആൽത്തറ - ചെന്തിട്ട റോഡ്
കോട്ടൺഹിൽ റോഡ് വന്നുചേരുന്നിടത്തും ബേക്കറി ജംഗ്ഷൻ പൂജപ്പുര റോഡ് വന്നുചേരുന്ന വഴുതക്കാട് ജംഗ്ഷനിലും റോഡ് നിർമ്മാണം കാരണം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അദ്ധ്യയനവർഷം ആരംഭിക്കുന്നതിനു മുമ്പ് നാലുവരിപ്പാത യാത്രായോഗ്യമായില്ലെങ്കിൽ കുരുക്ക് ഇരട്ടിയാകും.
കോട്ടൺഹിൽ സ്കൂൾ,കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ,വഴുതക്കാട് വനിതാ കോളേജ് എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിലാണ് നിർമ്മാണം നടക്കുന്നത്.മൂന്നിലധികം ട്രാഫിക്ക് പൊലീസുകാർ നിന്നാണ് നിലവിൽ ഗതാഗതം നിയന്ത്രിക്കുന്നത്. പലപ്പോഴും വാഹനങ്ങളെ വഴി തിരിച്ചുവിടാറുണ്ട്. ഇത് യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.കാൽനടയാത്രക്കാരും വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി പോകുന്നത്. നടക്കാൻ മിക്കയിടങ്ങളിലും സ്ളാബുകളില്ല.വൈദ്യുതി പോസ്റ്റുകളിൽ കെട്ടിവച്ചിരുന്ന കേബിൾ വയറുകളും താഴ്ന്നുകിടക്കുകയാണ്. കാൽനടയാത്രക്കാർക്ക് മുകളിലും താഴെയും ഒരേസമയം നോക്കി നടക്കേണ്ട ഗതിയാണ്. ഇതുവഴി ശ്രദ്ധയോടെ നടന്നില്ലെങ്കിൽ അപകടങ്ങളും സംഭവിക്കാം. മഴക്കാലമായതിനാൽ ചെളിയിൽ തെന്നി വീഴാനുള്ള സാദ്ധ്യതയുമുണ്ട്.
തൈക്കാട് ആശുപത്രിയുടെ പരിസരത്തെ സ്ഥിതിയും ഏതാണ്ട് ഇതുതന്നെയാണ്.ഗർഭിണികളും കൈക്കുഞ്ഞുമായി എത്തുന്നവരും വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡ്
കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡ് നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല.റോഡിന്റെ ഒരു വശം മാത്രമാണ് യാത്രായോഗ്യമാക്കിയത്.മാസങ്ങളായി നിർമ്മാണത്തിലാണ് ഈ റോഡ്.ഓഫീസ് സമയങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. സ്കൂൾ തുറക്കുന്നതിനുമുമ്പ് പണിപൂർത്തീകരിച്ചില്ലെങ്കിൽ കിഴക്കേകോട്ട,തമ്പാനൂർ,കരമന എന്നീ സ്ഥലങ്ങളിൽ വൻ ഗതാഗതക്കുരുക്കുണ്ടാകും.
സഹോദരസമാജം റോഡ്
ഒാവർബ്രിഡ്ജിൽ നിന്ന് ഉപ്പിടാംമൂട് പാലം വരെയുള്ള സഹോദരസമാജം റോഡ് നിർമ്മാണം മാസങ്ങളായി മന്ദഗതിയിലാണ്. രാവിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും വന്നിട്ട് ഒന്നോ രണ്ടോ പേർ മാത്രമാണ് പിന്നീട് ഇവിടെ കാണുകയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തൈവിള റോഡ്
ആയുർവേദ കോളേജിൽ നിന്ന് മാഞ്ഞാലിക്കുളത്തിലേക്ക് പോകുന്ന റോഡും കുഴിച്ചിട്ടിരിക്കുകയാണ്.അതിനാൽ തമ്പാനൂരിലേക്കും എസ്.എസ് കോവിൽ റോഡിലേക്കും പോകുന്നവർ സെക്രട്ടേറിയറ്റ് വഴിയും ഓവർബ്രിഡ്ജ് വഴിയുമാണ് ചുറ്റിപ്പോകുന്നത്.