
തിരുവനന്തപുരം: എൽ.ഡി.എഫിന്റെ സോളാർ സമരം അവസാനിപ്പിക്കാൻ മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. മുണ്ടക്കയത്തെ വിളിച്ചിട്ടില്ലെന്നും അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായാണ് സംസാരിച്ചതെന്നും അദ്ദേഹം ഇങ്ങോട്ട് വിളിച്ചതാണെന്നും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.
തിരുവഞ്ചൂരിനോട് സംസാരിച്ചത് അന്ന് സി.പി.എം സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ ഫോണിലായിരുന്നുവെന്ന് പത്രസമ്മേളനത്തിൽ ബ്രിട്ടാസ് സ്ഥിരീകരിച്ചു.
എന്നാൽ, ചെറിയാൻഫിലിപ്പിന്റെ ഫോണിൽ നിന്ന് ബ്രിട്ടാസാണ് വിളിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നു. അത് ചർച്ച ചെയ്തു. അവർ മുന്നോട്ടുവെച്ച ഡിമാൻഡുകളിൽ അംഗീകരിക്കാൻ കഴിയുന്നത് അംഗീകരിച്ചതോടെ സമരം തീർന്നു.ചർച്ചയിലെ കാര്യങ്ങൾ പറയുന്നില്ല. നേതാക്കളെ തേജോവധം ചെയ്യാൻ
താനില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
പ്രമുഖ വാരികയിൽ (സമകാലിക മലയാളം) സോളാർ വിഷയത്തെ അധികരിച്ചെഴുതിയ ലേഖനത്തിലാണ് മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ.
സി.പി.എമ്മിന്റെ മാദ്ധ്യമസ്ഥാപനമായ കൈരളി ടി.വിയുടെ ചുമതലയുള്ള നിലവിലെ രാജ്യസഭാംഗം ജോൺബ്രിട്ടാസ് വിളിച്ചു. സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്ന് പറഞ്ഞു. താൻ ഉമ്മൻ ചാണ്ടിയുമായും കുഞ്ഞാലിക്കുട്ടിയുമായും ബന്ധപ്പെട്ടു. അതിനുശേഷം അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ബ്രിട്ടാസിനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വിളിച്ചു സംസാരിച്ചു. അന്ന് ഇടത് പ്രതിനിധിയായിരുന്ന എൻ.കെ പ്രേമചന്ദ്രൻ യു.ഡി.എഫ് നേതാക്കളെ കണ്ടു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിളിച്ചു കൂട്ടിയ അടിയന്തിര യോഗത്തിന് ശേഷം പത്രസമ്മേളനത്തിലൂടെ ജൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും സമരം പിൻവലിക്കുകയും ചെയ്തുവെന്നാണ് ലേഖനത്തിൽ പറയുന്നത്.
മാദ്ധ്യമപ്രവർത്തകന്റെ ആരോപണത്തിൽ വസ്തുതയില്ലെന്നും സോളാർ സമരം ഒത്തുതീർപ്പാക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വ്യക്തമാക്കി.
തിരുവഞ്ചൂർ വിളിച്ചു, വീട്ടിൽ
പോയി: ചെറിയാൻ ഫിലിപ്പ്
തന്റെ ഫോണിലാണ് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ബ്രിട്ടാസുമായി സംസാരിച്ചതെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം ചെറിയാൻ ഫിലിപ്പ് പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു.
ഇടതുസഹയാത്രികനായിരുന്ന താൻ സമരം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് സമരത്തെപ്പറ്റി തിരുവഞ്ചൂരിന്റെ വീട്ടിൽ വെച്ച് അവിചാരിതമായി അദ്ദേഹവുമായി ചർച്ച ചെയ്തിരുന്നു. അതിനുശേഷം അന്നുതന്നെ കൈരളി ചാനലിലെ ജോൺ ബ്രിട്ടാസിന്റെ മുറിയിലിരിക്കുമ്പോഴാണ് ഒത്തുതീർപ്പിനായി തിരുവഞ്ചൂർ തന്റെ ഫോണിൽ വിളിക്കുന്നത്. അന്ന് വൈകിട്ട് താനും ജോൺ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടിൽ പോയി സംസാരിച്ചു. പിന്നീട് പിണറായിയുമായി ബ്രിട്ടാസ് ബന്ധപ്പെട്ടു. വി.എസിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സമരത്തിന് എൽ.ഡി.എഫ് തീരുമാനമെടുത്തത്. സി.പി.എമ്മിലും ആശങ്കയുണ്ടായിരുന്നു. സമരം ഒത്തുതീർപ്പാക്കേണ്ടത് പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും ആഗ്രഹമായിരുന്നു. അതിന് പിന്നിൽ ഒരു ഡീലുമില്ല.