മുടപുരം: കുറക്കട -ശാസ്തവട്ടം റോഡിൽ കൈലാത്തുകോണം റേഷൻ കടയ്ക്കു സമീപം സ്ഥിതിചെയ്യുന്ന തോടിന് കുറുകെയുള്ള അപകടക്കെണിയായി മാറിയ കലുങ്ക് പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു. അറുപത് കൊല്ലത്തോളം പഴക്കമുള്ള ഈ കലുങ്കിന്റെ ഒരു വശത്തെ കൈവരി പൂർണമായും തകർന്ന് തോട്ടിൽ പതിച്ചു. രണ്ടാമത്തേത് പകുതി ഭാഗം പൊളിഞ്ഞു വീണു. ബാക്കിയുള്ള ഭാഗവും ഉടനെ തോട്ടിൽ വീഴുമെന്ന അവസ്ഥയിലാണ്. നേരത്തെ ഈ റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തിയിരുന്നു. പിന്നീട് സർവീസ് നിർത്തുകയായിരുന്നു. കോളേജ് - സ്കൂൾ ബസുകളുൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ എല്ലാ സമയവും ഈ റോഡിലൂടെ കടന്നുപോവാറുണ്ട്. കുറക്കട കാണിയ്ക്ക ജംഗ്ഷനിൽ നിന്നും വരുന്ന റോഡും ഈ ഭാഗത്താണ് സന്ധിക്കുന്നത്. കാൽനട, വാഹന യാത്രികരുൾപ്പെടെയുള്ളവർക്ക് ഒരുപോലെ ഭീഷണിയായി മാറിയിട്ടുള്ളതിനാൽ ഈ കലുങ്ക് പുതുക്കിപ്പണിയുന്നതിനു വേണ്ട നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.