vi

കിളിമാനൂർ : ബൈക്കുകളുടെ ഇന്ധനക്ഷമത കൂട്ടാൻ ഒരേ സമയം പെട്രോളിലും വൈദ്യുതിയിലും പ്രവർത്തിപ്പിക്കാവുന്ന ഹൈബ്രിഡ് ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുകയാണ് കിളിമാനൂർ തട്ടത്തുമല പനപ്പാംകുന്ന് വിദ്യ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ.ബൈക്കിന്റെ മുന്നിലത്തെ വീലിൽ ഇതിനായി പ്രത്യേകം ഇലക്ട്രിക്ക് മോട്ടോർ ഘടിപ്പിച്ചിട്ടുണ്ട്. പിന്നിലത്തെ വീലിൽ സാധാരണ ബൈക്കുകളുടെ പ്രവർത്തനമാണ്. മോട്ടോറിലേക്ക് വൈദ്യുതി എടുക്കുന്നതിനായി പ്രത്യേകം ബാറ്ററി ഘടിപ്പിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ ടൈപ്പ് ബാറ്ററി ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ ഇലക്ട്രിക്കിലേക്കും പെട്രോളിലേക്കും ഡ്രൈവ് മാറ്റാൻ സാധിക്കും. ഒരു ഫുൾ ചാർജ്ജിംഗിലും ഒരു ലിറ്റർ പെട്രോളിലും ഏകദേശം നൂറ്റിമുപ്പത് കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാം.നിരപ്പുള്ള റോഡിൽ ഇലക്ട്രിക്കും കയറ്റമുള്ള ഭാഗങ്ങളിൽ പെട്രോളും ഉപയോഗിച്ചാൽ മികച്ച ഇന്ധനക്ഷമത ലഭിക്കുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ബി.ടെക് അവസാന വർഷ പ്രൊജക്ടിന്റെ ഭാഗമായി മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളായ എ.ജെ.ആദർശ്,അഖിൽ സജീവ്,വി.അഖിൽ,അനൂപ് സുധി എന്നിവരാണ് ഹൈബ്രിഡ് ബൈക്കിന്റെ ശില്പകൾ. കോളേജിൽ നടന്ന അന്തർദേശീയ സമ്മേളനത്തിൽ പ്രബന്ധാവതരണത്തിന് മികച്ച പ്രതികരണമാണ് ഹൈബ്രിഡ് ബൈക്കിന് ലഭിച്ചത്. മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകനായ ആർ.സജിത്ത് കൃഷ്ണനാണ് പ്രൊജക്റ്റ് ഗൈഡ്. മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എച്ച്.തിലകൻ വിദ്യാർത്ഥികൾക്കു വേണ്ട എല്ലാ പിന്തുണയും നൽകി. ഹൈബ്രിഡ് ബൈക്കിന്റെ സാങ്കേതിക വശങ്ങൾ വിശകലനം ചെയ്ത് വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഡോ.റ്റി.മാധവ് രാജ് രവികുമാർ പറഞ്ഞു.