drug

തിരുവനന്തപുരം: ലഹരി മാഫിയയെ വിചാരണയില്ലാതെ കരുതൽതടങ്കലിലാക്കുമെന്നും മയക്കുമരുന്നിടപാട് തുടരുന്നവർക്ക് ഇരട്ടിശിക്ഷ ഉറപ്പാക്കുമെന്നുമുള്ള സർക്കാർ പ്രഖ്യാപനം നടപ്പായില്ല. കുറ്റവാളികളെ വിചാരണയില്ലാതെ രണ്ട് വർഷം കരുതൽ തടങ്കലിലാക്കാവുന്ന കേന്ദ്രനിയമമാണ് പിറ്റ്-എൻ.ഡി.പി.എസ്.

അതേസമയം കുറഞ്ഞ അളവിൽ ലഹരിയുമായി പിടിച്ചാൽ ജാമ്യവും കിട്ടും. ഒരുകിലോ കഞ്ചാവ് കൈവശംവച്ചാലും ജാമ്യംകിട്ടും. നിയമം ഭേദഗതി ചെയ്യേണ്ടത് കേന്ദ്രമാണ്. ഇതിനായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരികേസിൽ ശിക്ഷിച്ചാൽ പരോൾ നൽകേണ്ടെന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്.

അതേസമയം പരിശോധനകളിലൂടെ വിദ്യാലയങ്ങളിൽ ലഹരിയെത്തുന്നില്ലെന്ന് ഉറപ്പാക്കാനുമായില്ല. ഇതോടെ വിദ്യാർത്ഥികളെ കാരിയർമാരും വില്പനക്കാരുമാക്കി ലഹരിമാഫിയ കൊഴുത്തു. 1140 സ്കൂളുകളിൽ ലഹരിയിടപാടുണ്ടെന്നാണ് കണ്ടെത്തൽ. കോളേജുകളിലും സ്ഥിതി ഗുരുതരമാണ്.

കുടുംബശ്രീ, ഗ്രന്ഥശാലകൾ, ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വിമുക്തി ക്ലബുകൾ എന്നിവ ലഹരി വിപത്തിനെക്കുറിച്ച് ബോധവത്കരിക്കുന്നുണ്ട്. ഒരുകോടി പേരെ പങ്കെടുപ്പിച്ച് നോ-ടു-ഡ്രഗ്സ് കാമ്പയിനും നടത്തി. എന്നാൽ ശൃംഖലയുടെ വേരറുക്കാൻ പൊലീസിനും എക്സൈസിനുമാകുന്നില്ല. ലഹരിവിരുദ്ധ പ്രവർത്തനത്തിന് എസ്.ഐമാരുടെ നേതൃത്വത്തിൽ സ്റ്റേഷനുകളിലുള്ള സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുകളും നിർജീവമാണ്. മയക്കുമരുന്ന് പിടികൂടാനുള്ള എസ്.പിമാരുടെ ഡാൻസാഫ് സ്ക്വാഡ് കസ്റ്റഡി മർദ്ദനക്കേസുകളിൽ കുടുങ്ങി.

വാക്കിലൊതുങ്ങിയ പ്രഖ്യാപനങ്ങൾ

 കോളേജുകളിൽ ലഹരി തടയാൻ കോളേജ്-എസ്.പി.സി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്

 21വയസിൽ താഴെയുള്ളവർക്കായി താലൂക്കിൽ ലഹരിവിമുക്ത കേന്ദ്രം

 സമൂഹമാദ്ധ്യമങ്ങളിലെ മയക്കുമരുന്ന് വില്പനയെക്കുറിച്ചറിയിക്കാൻ പോർട്ടൽ

 സ്കൂളുകളിലും കോളേജുകളിലും പ്രിൻസിപ്പൽമാരടങ്ങിയ വിർച്വൽ പൊലീസ്, എക്സൈസ് യൂണിറ്റ്

 ലഹരിമരുന്നുപയോഗം കണ്ടെത്താൻ വിദ്യാർത്ഥികളിൽ കിറ്റുപയോഗിച്ചുള്ള പരിശോധന

 കോളേജുകളിലെ ഒഴിഞ്ഞ കെട്ടിടങ്ങളിലും കടകളിലും മിന്നൽ പരിശോധന

3933 കുട്ടികൾ ചികിത്സ തേടി

 രണ്ടുവർഷത്തിനിടെ ലഹരിവിമുക്തചികിത്സതേടിയ വിദ്യാർത്ഥികൾ- 3933

 നൂറുദിവസം കിടത്തിചികിത്സിച്ചിട്ടും ലഹരിമുക്തരാകാത്ത കുട്ടികൾ- 20%

 സ്ഥിരം ലഹരിക്കടത്തുകാർ- 1681

 കരുതൽ തടങ്കലിലുള്ളവർ- 228

 ലഹരിയിടപാടുള്ള സ്കൂളുകൾ- 1140