s

തിരുവനന്തപുരം: ഹജൂർ കച്ചേരിയിലെ (പഴയ സെക്രട്ടേറിയേറ്റ് ) ആവശ്യത്തിനായി 2 ലക്ഷം പനയോല കൊണ്ടുവന്നതിന്റെ രേഖ തലസ്ഥാനത്തെ താളിയോല മ്യൂസിയത്തിൽ .
പുരാരേഖാ വകുപ്പിന്റെ ഉടമസ്ഥതയിൽ കോട്ടയ്ക്കകത്തുള്ള രാജ്യത്തെ ആദ്യത്തെ താളിയോല മ്യൂസിയത്തിലാണ് 1813 ലെ രാജാവിന്റെ 'നീട്ട് ' സൂക്ഷിച്ചിട്ടുള്ളത്.
തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ രേഖകളും മതിലകം രേഖകളും ഉൾപ്പെടെ പുരാരേഖാ വകുപ്പിൽ ലഭ്യമായ താളിയോലകളുടെ അപൂർവ ശേഖരമാണ് മ്യൂസിയത്തിലുള്ളത് . വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ എന്നിങ്ങനെ പുരാതന അക്ഷരമാലകൾ ഉൾക്കൊള്ളുന്ന കൈയെഴുത്തു പ്രതികൾ. എ​ട്ട്​ ഗാ​ല​റി​ക​ളി​ലായി

ഒ​രു കോ​ടി​യോ​ളം താ​ളി​യോ​ല ശേ​ഖ​ര​ത്തി​ൽ ​നി​ന്നുള്ള 160 രേ​ഖ​ക​ൾ .

ചരിത്രം തിരുത്തിയ ഉത്തരവുകൾ

ശൂദ്രർ, ഈഴവർ, ചാന്നാർ, മരയ്ക്കാർ ജാതിക്കാർക്ക് ആഭരണങ്ങൾ ധരിക്കാൻ 1818 ൽ റാണി ഗൗരി പാർവതി ഭായി അനുവാദം നൽകിയ ഉത്തരവ്, ഈഴവർ, ചാന്നാൻ ,വണ്ണാൻ, കാവതി ,മുക്കുവർ, പറയർ, പുലയർ വിഭാഗക്കർക്ക് തൊഴിൽ നികുതിയിൽ ഇളവ് വരുത്തിയ 1820 ലെ ഉത്തരവ്, ഒളിവിൽ പോയ വേലുത്തമ്പി ദളവയെ ജീവനോടെയോ അല്ലാതെയോ പിടിക്കണമെന്ന മഹാരാജാവിന്റെ ഉത്തരവ് എന്നിവ ചരിത്രത്തിന്റെ ഭാഗം.

1820ൽ സ്വാതി തിരുനാളിന്റെ ഭരണകാലത്ത് നാല് സ്ത്രീകളെ മോഹിനിയാട്ടം പരിശീലിപ്പിച്ചത് പാലയ്ക്കാട്ടുശേരി സ്വദേശി അയ്യപ്പപ്പണിക്കർ.നാല് സ്ത്രീകൾക്കും ആണ്ടൊന്നിന് 1010 പണവും നിത്യച്ചെലവിന് നാളൊന്നിന് 8 ഇടങ്ങഴി അരിയും കോപ്പും.ദരിദ്ര സ്ത്രീകൾക്ക് ജീവനോപാധിയായി ചെറുകടകൾ തുടങ്ങാൻ ആയില്യം തിരുനാൾ മഹാരാജാവിന്റെ ദക്ഷിണ 300 രൂപ .


പത്മനാഭസ്വാമി ക്ഷേത്ര പുനർ നിർമ്മാണം

1686 ൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായി .43 വർഷം കഴിഞ്ഞ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ക്ഷേത്രം, ഒറ്റക്കൽ മണ്ഡപം, വിളക്കുമാടം എന്നിവ നിർമ്മിച്ച് 1733 ൽ പൈങ്കുനി കലശം നിർവഹിച്ചു.

മുൻ തടവറ

താ​ളി​യോ​ല മ്യൂ​സി​യം ആ​ദ്യ​കാ​ല​ത്ത്​ നാ​യ​ർ പ​ട​യാ​ളി​ക​ളു​ടെ താ​വ​ള​മാ​യി​രു​ന്നു. 200 കൊല്ലം മുമ്പ് ത​ട​വ​റ​യാ​യി.1887ൽ ​പൂ​ജ​പ്പു​ര​യി​ൽ ജ​യി​ൽ വന്നതോടെ, ഔ​ദ്യോ​ഗി​ക രേ​ഖാ​ല​യമായി

1964ൽ ​പു​രാ​രേ​ഖ വ​കു​പ്പിന്റെ താ​ളി​യോ​ല ശേ​ഖ​രം സൂ​ക്ഷി​ക്കു​ന്ന ഓ​ഫീ​സാ​യി രൂപ മാറ്റം.