vld-1

വെള്ളറട: അമ്പൂരി കണ്ണന്നൂരിൽ വഴിയാത്രക്കാരെ തടഞ്ഞുനിറുത്തി ആക്രമിച്ച കേസിൽ പിടിയിലായ മൂന്ന് പ്രതികൾക്കായി വെള്ളറട പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി.14 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെന്ന് വെള്ളറട സി.ഐ പറഞ്ഞു. അമ്പൂരി ആശാഭവനിൽ ജിബിൻ റോയി,​ സഹോദരൻ അബിൻ റോയി,​ കാട്ടാക്കട പന്നിയോട് കുളവുപാറ ചരുവിള വീട്ടിൽ ജിത്തു എന്ന അഖിൽ ലാൽ എന്നിവരാണ് പിടിയിലായത്. ഇവരിപ്പോൾ റിമാൻഡിലാണ്. അപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടാകും.അതേസമയം ഒളിവിൽപ്പോയ മലയിൻകീഴ് സ്വദേശി തക്കുടു എന്ന അഭിഷേകിനായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് നിഗമനം. അതിർത്തിയിൽ പൊലീസ്,​ ഷാഡോ ടീം പരിശോധന ശക്തമാക്കി. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ജാഗ്രതാസമിതി യോഗം ചേർന്നു

അമ്പൂരിയിലെ ലഹരിക്കച്ചവടം തടയുന്നതിനും ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ പഞ്ചായത്ത് ജാഗ്രതാസമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് വത്സലരാജു അദ്ധ്യക്ഷയായി.അമ്പൂരിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ക്രമസമാധാന പരിപാലനത്തിന് 10 പൊലീസുകാരെയും ഒരു വാഹനവും വിട്ടുനൽകാനും വെള്ളറട, നെയ്യാർഡാം പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചു. കാട്ടാക്കട,​ അമരവിള എക്സൈസ് റേഞ്ചുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കളുടെ വിപണനം തടയാൻ പരിശോധന ശക്തമാക്കും. വെള്ളറട സി.ഐ ബാബുക്കുറുപ്പ്,​ നെയ്യാർഡാം പൊലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ സേനാ പ്രവർത്തകർ,​ എക്സൈസ് ഉദ്യോഗസ്ഥർ,​ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ,​ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി സ്വാഗതവും സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.