bird

തിരുവനന്തപുരം; വിവിധ ജില്ലകളിൽ പക്ഷിപ്പനി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മീഷണർ ഡോ: അഭിജിത് മിത്രയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം കേരളത്തിൽ എത്തി.
ഏപ്രിൽ മാസത്തിൽ ആലപ്പുഴ ജില്ലയിലെ എടത്വ,ചെറുതന പഞ്ചായത്തുകളിൽ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനി സമീപ പഞ്ചായത്തുകളിലേക്കും കോട്ടയം ജില്ലയിലേക്കും പത്തനംതിട്ട ജില്ലയിലെ നിരണം സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും വ്യാപിക്കുകയായിരുന്നു.

ഇന്നലെ കേന്ദ്രപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ കൗശിഗൻ,ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ.ഷീല സാലി എന്നിവർ അടങ്ങുന്ന ഉന്നതതല സംഘവും ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്,മങ്കൊമ്പ് എന്നിവിടങ്ങളിലെ താറാവ് വളർത്തൽ കേന്ദ്രങ്ങൾ സന്ദശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്,ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് എന്നിവിടങ്ങളിലെ വിദഗ്ധരുമായും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പോലെയുള്ള പക്ഷിപ്പനി ബാധിത മേഖലയിൽ ഒരു പ്രത്യേക നിരീക്ഷണ പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സാമ്പിൾ ശേഖരിക്കുന്നതിനും നിരീക്ഷണ പദ്ധതികൾ തയ്യാറാക്കുന്നതിനുമായി ഭോപ്പാൽ,ബാംഗ്ലൂർ ലാബിലെ വിദഗ്ധരും ആലപ്പുഴയിൽ തുടരും