കുളത്തൂർ: ടെക്നോപാർക്കിൽ യുവതിക്കുനേരെ ലൈംഗികാതിക്രമമെന്ന് പരാതി. കമ്പനി അധികൃതരെ വിവരമറിയിച്ചെങ്കിലും പൊലീസിൽ റിപ്പോർട്ട് ചെയ്യാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് യുവതി പറയുന്നു. ടെക്നോപാർക്ക് ഫേസ് ഒന്നിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിനു കീഴിലെ സി- ഡാക് കെട്ടിട സമുച്ചയത്തിൽ ഇന്നലെയാണ് സംഭവം. സി- ഡാക്കിലെ ജീവനക്കാരിയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ യുവതി ഓഫീസിൽ പോകാനായി ലിഫ്റ്റിൽ കയറി നാലാം നിലയിലെത്തിയപ്പോൾ മറ്റൊരു കമ്പനിയിലെ ജീവനക്കാരൻ അശ്ലീല ചേഷ്ടകൾ കാണിച്ച് ദേഹത്ത് സ്പർശിച്ചുവെന്നാണ് യുവതി ഓഫീസിൽ നൽകിയ പരാതിയിലുള്ളത്. എന്നാൽ പ്രതിസ്ഥാനത്തുള്ള യുവാവിന്റെ കല്യാണമാണ് അടുത്ത ആഴ്ചയെന്നും ക്ഷണിക്കാനാണ് അയാൾ ഓഫീസിലെത്തിയതെന്നുമാണ് അധികൃതർ അറിയിച്ചത്. ഇയാൾ ഉടൻ ഓഫീസ് വിട്ടതായും പറഞ്ഞു. യുവതി ഇതുവരെ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. യുവാവിനെ വിളിച്ചുവരുത്തി മാപ്പ് പറയിച്ച് പ്രശ്നം ഒരുക്കി തീർക്കാനാണ് കമ്പനി അധികൃതരുടെ ശ്രമമെന്ന് യുവതി പറഞ്ഞു.