കല്ലറ: വേനൽ മഴ തുടങ്ങിയതോടെ പ്രദേശത്തെ റോഡുകളും തകർന്നു. കല്ലറ പഞ്ചായത്തിലെ പള്ളിമുക്ക് - പോറ്റി മുക്ക് റോഡ് തകർന്ന് തോടിന്റെ അവസ്ഥയായി. സർവീസ് ബസുകൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഇവിടെ കാൽ നട യാത്രക്കാർക്കു പോലും പോവാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ടാർ ഇളകി ഗർത്തം രൂപപ്പെട്ട് മഴയിൽ വെള്ളം കെട്ടി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടുന്നതും പതിവാകുകയാണ്. ഓരോ തവണയും താത്കാലികമായി കുഴികൾ അടച്ച് പ്രശ്നം പരിഹരിക്കാറുണ്ടങ്കിലും അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം ഒരോ മഴയിലും കുഴി രൂപപ്പെടുകയാണ്. ഓടകൾ നിർമ്മിച്ച് ശാസ്ത്രീയമായ രീതിയിൽ റോഡുനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.