വിതുര: വേനൽ ശക്തമായപ്പോൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടിയ ജനത്തിന് വേനൽമഴ തുടങ്ങിയിട്ടും പഴയ അവസ്ഥതന്നെ. തോരാതെ പെയ്യുന്ന വേനൽമഴയിലും മലയോരത്തെ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ ഇപ്പോഴും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഭൂരിഭാഗം കിണറുകളും ഇതിനകം വറ്റിക്കഴിഞ്ഞു. കടുത്ത ചൂടിനെ തുടർന്ന് നീരുറവകളും നീർച്ചാലുകളും മറ്റും വറ്റിയിട്ട് മാസങ്ങളായി. നദികളിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ വേനൽമഴയിലും തൊണ്ടവരണ്ട് കഴിയേണ്ട അവസ്ഥയിലാകും ജനങ്ങൾ. നിലവിൽ ജനം നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ കനിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 പദ്ധതിയും നടന്നില്ല

പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തും പൈപ്പ് ലൈൻ കടന്നുവന്നിട്ടില്ല. നിലവിലുള്ള ലൈനുകളിൽ കൃത്യമായി ജലം ലഭിക്കാറുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ശുദ്ധജലവിതരണം സുഗമമാക്കുന്നതിനായി ആവിഷ്കരിച്ച വിതുര, തൊളിക്കോട് കുടിവെള്ളപദ്ധതി പത്ത് വർഷമായിട്ടും പൂർത്തീകരിച്ചിട്ടില്ല. ഇത്രയും നാളായി നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കുടിവെള്ളവിതരണം സുഗമമാക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

 പമ്പിംഗിനും വയ്യ

ഒരാഴ്ച മുമ്പുവരെ വേനൽക്കാലത്ത് കടുത്ത ചൂടുമൂലം നട്ടം തിരിയുന്നതിനിടയിലാണ് ജലക്ഷാമം കൂടിഎത്തിയത്. ഇത് ജനത്തിന് തിരിച്ചടിയായി. സാധാരണ കുടിവെള്ളക്ഷാമം നേരിടുമ്പോൾ നാട്ടുകാർ വാമനപുരം നദിയെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഇക്കുറി നദി നേരത്തേ വറ്റി. നദിയുടെ മിക്കഭാഗത്തും മലിനജലം കെട്ടിക്കിടക്കുകയാണ്. ഇവിടെനിന്നും കുടിവെള്ളത്തിനായി വെള്ളം പമ്പ് ചെയ്യാനും കഴിയുന്നില്ല.

 സംരക്ഷണം വേണം

നിശ്ചലാവസ്ഥയിലായ നദിയിൽ മാലിന്യനിക്ഷേപവും രൂക്ഷമാണ്. മാലിന്യം നിക്ഷേപിക്കുന്ന മേഖലകളിൽ ദുർഗന്ധവുമുണ്ട്. മാത്രമല്ല നദിയിലേക്ക് ഫാക്ടറികളിൽനിന്നും, ഹോട്ടലുകളിൽനിന്നും, വീടുകളിൽനിന്നുമുള്ള മലിനജലവും ഒഴുക്കിവിടുന്നുണ്ട്. വേനൽക്കാലത്ത് നാട്ടുകാരുടെ ആശ്രയമായ വാമനപുരം നദിയെ സംരക്ഷിക്കാനായി ഏർപ്പെടുത്തിയ പദ്ധതികളൊന്നും ഇനിയും നടപ്പിലാക്കിയിട്ടില്ല. നദിയെ ഇനിയും സംരക്ഷിച്ചില്ലെങ്കിൽ കുടിവെള്ളവിതരണവും തടസപ്പെടാൻ സാദ്ധ്യതയുണ്ട്. ഇടവപ്പാതി കോരിച്ചൊരിഞ്ഞാൽ നദികളിൽ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.