p

തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തുന്നതിൽ തുടർ നടപടികളെടുക്കാതെ സർക്കാർ. കായികവകുപ്പ് നാല് വർഷം മുമ്പ് വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കാൻ നടപ്പാക്കിയ 'സ്‌പ്ലാഷ്" പദ്ധതിയും വിജയിച്ചില്ല. സ്‌കൂളുകളിൽ ഊതിവീർപ്പിച്ച കൃത്രിമ നീന്തൽക്കുളങ്ങൾ സ്ഥാപിച്ച് നീന്തൽ പഠിപ്പിക്കുന്നതായിരുന്നു പദ്ധതി. അതേസമയം സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അത്യാധുനിക നീന്തൽക്കുളങ്ങൾ സജ്ജമാക്കുന്നുണ്ട്.

റോഡപകടം കഴിഞ്ഞാൽ കേരളത്തിൽ കൂടുതലുള്ളത് മുങ്ങിമരണമാണ്. ദിവസം ശരാശരി മൂന്നിൽ കൂടുതൽ പേർ മുങ്ങി മരിക്കുന്നുണ്ടെന്നാണ് ക്രൈം റെക്കാഡ് ബ്യൂറോയുടെ കണക്ക്. ഇതിൽ 20 ശതമാനവും ആത്മഹത്യയാണ്. വേനലവധിക്കാലത്ത് മുങ്ങിമരിച്ചതിലേറെയും കുട്ടികളാണ്.
പഞ്ചായത്തടിസ്ഥാനത്തിൽ ഒരു നീന്തൽക്കുളമെങ്കിലും സ്ഥാപിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നിർബന്ധമാക്കിയാൽ അപകടങ്ങൾ ഒഴിവാക്കാം. ഇതിനായി വിദ്യാഭ്യാസ-കായിക വകുപ്പുകൾ സംയുക്തമായി പദ്ധതി തയ്യാറാക്കണം.

അശ്രദ്ധയാണ് മുങ്ങിമരണങ്ങൾക്ക് കാരണമെന്നാണ് ഫയർഫോഴ്സിന്റെ അഭിപ്രായം. ബന്ധുവീടുകളിലെത്തുമ്പോഴോ വിനോദയാത്രകളിലോ ആണ് അപകടങ്ങളിലേറെയും. റോഡ് സുരക്ഷയ്‌ക്ക് കമ്മിറ്റികളുണ്ട്. കോടതി ഇടപെടലുകളുമുണ്ടാകും. എന്നാൽ മുങ്ങിമരണത്തിന്റെ കാര്യത്തിൽ ഇതൊന്നുമില്ല.

നീന്തൽക്കുളങ്ങൾ കുറവ്
 പഞ്ചായത്തുകളിൽ വൃത്തിയുള്ള നീന്തൽക്കുളങ്ങൾ

 25 മീറ്റർ നീളമുള്ള നീന്തൽക്കുളത്തിന് കുറഞ്ഞത് ഒരുകോടി രൂപ വേണം

 അമ്പലക്കുളങ്ങളിലെ പരിശീലനം സുരക്ഷിതമല്ല

 കെട്ടിക്കിടക്കുന്ന വെള്ളം ജലജന്യ രോഗങ്ങൾക്കാണ് കാരണമാകും

ആറ് വർഷം, 12,565 മുങ്ങിമരണം

 2004ലെ സുനാമിയിൽ കേരളത്തിലെ മരണം-174

 2018ലെ പ്രളയത്തിലെ മരണം- 484

 ആറ് വർഷത്തിനിടെ മുങ്ങിമരണം- 12,565

 റോഡപകടങ്ങളിൽ മരിച്ചവർ- 20,169

കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുക്കണം
-ഡി. ബിജു, മുൻ ജില്ലാ സെക്രട്ടറി , അക്വാട്ടിക് അസോസിയേഷൻ