nkp

തിരുവനന്തപുരം :സോളാർ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എം.പി വ്യക്തമാക്കി.

തന്നെ പരാമർശിക്കുന്ന ഭാഗം പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. പേര് പരാമർശിക്കപ്പെട്ടത് നിർഭാഗ്യകരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചർച്ചകൾക്കായി ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിട്ടില്ല. യു.ഡി.എഫുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടൽ നടത്തിയിട്ടില്ല. സമരദിനത്തിൽ സെക്രട്ടേറിയറ്റ് നടയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഉടനടി എ.കെ.ജി സെന്ററിലെത്തണമെന്നുകാട്ടി അന്നത്തെ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന്റെ കുറിപ്പ് ലഭിച്ചു. അവിടെയെത്തിയപ്പോൾ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം മുന്നണി യോഗം എടുത്തിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പത്രസമ്മേളനം കാണാനുള്ള ടെലിവിഷൻ സെറ്റും യോഗം ചേർന്ന മുറിയിലുണ്ടായിരുന്നു. പത്രസമ്മേളനത്തിൽ ജുഡിഷ്യൽ അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം എല്ലാവരും അംഗീകരിച്ചു.
സമരമുണ്ടാവുമ്പോൾ അത് അവസാനിപ്പിക്കാൻ ചർച്ച നടക്കുന്നത് സ്വാഭാവികമാണ്. ഉമ്മൻ ചാണ്ടിയുമായി സി.പി.എം കൂടിയാലോചന നടത്തിയിട്ടുണ്ടാവും. അതിനിടയിൽ എന്തെങ്കിലും കൊടുക്കൽ വാങ്ങൽ ഉണ്ടായതായി ആരും ആരോപിച്ചിട്ടില്ല. അനങ്ങനെയുണ്ടെങ്കിൽ അത് ഗൗരവതരമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ജുഡിഷ്യൽ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്താനുള്ള ടേംസ് ഓഫ് റഫറൻസ് എൽ.ഡി.എഫ് ആവശ്യപ്പെട്ടത് പ്രകാരം താനാണ് തയ്യാറാക്കിയത്. സമരം കൊണ്ട് രാഷ്ട്രീയമായ നേട്ടം സി.പി.എമ്മിനും എൽ.ഡി.എഫിനുമുണ്ടായി.

പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ മരിച്ചവർക്ക് രക്തസാക്ഷി സ്മാരകം നിർമ്മിച്ച സി.പി.എം നടപടിയെ അദ്ദേഹം വിമർശിച്ചു. അക്രമ രാഷ്ട്രീയത്തിന് പിന്നിൽ ആരാണെന്നതിന് വേറെ തെളിവ് വേണ്ടതില്ല.