കല്ലമ്പലം:കല്ലമ്പലത്ത് സ്വകാര്യ ബസ് നിയന്ത്രണംതെറ്റി മറിഞ്ഞ് 9 പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 3.45 ഓടെ പുതുശ്ശേരിമുക്ക് വെള്ളല്ലൂർ റോഡിൽ കുഞ്ചയ്ക്കവിളയിലായിരുന്നു അപകടം. കല്ലമ്പലം ഭാഗത്ത് നിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോയ ഉണ്ണികൃഷ്ണൻ ബസാണ് മറിഞ്ഞത്. ഇറക്കത്തിൽ ബ്രേക്ക് ചെയ്യുന്നതിനിടയിൽ നിയന്ത്രണം തെറ്റി മൺത്തിട്ടയിൽ ഇടിച്ച ബസ് വൈദ്യുതി പോസ്റ്റും തകർത്ത് റോഡിൽ കുറുകെ മറിയുകയായിരുന്നു.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും,വിവരമറിഞ്ഞെത്തിയ കല്ലമ്പലം പൊലീസും, ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പുതുശ്ശേരിമുക്ക് സ്വദേശികളായ ഷാജിറ (38),നബീസ (65),അൻഷിഫ (10),അൽ അമീൻ (23) മവിന്മൂട് സ്വദേശി തങ്കപ്പൻ (76),പാങ്ങോട് സ്വദേശി സബീല ബീവി (48),വെള്ളല്ലൂർ സ്വദേശി രജിത (30), നെല്ലിക്കുന്ന് സ്വദേശികളായ ലേഖ (45),വൃന്ദ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ല.
ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഗുണമേന്മയില്ലാത്തതും തേയ്മാനം സംഭവിച്ചതുമായ ടയറുകളായിരുന്നു ബസിൽ ഘടിപ്പിച്ചിരുന്നത്. ബ്രേക്ക് ചെയ്തപ്പോൾ ബസ് നിയന്ത്രണം വിടാൻ ഇതാണ് മുഖ്യകാരണമെന്ന് അനുമാനിക്കുന്നു.ഈ റോഡിൽ പൂർണമായും തടസപ്പെട്ട ഗതാഗതം ബസ് ഒരു വശത്തേക്ക് മാറ്റിയാണ് പുനഃസ്ഥാപിച്ചത്.മുടങ്ങിയ വൈദ്യുതി ഏറെ വൈകിയും പുനഃസ്ഥാപിക്കാനായില്ല.