
തിരുവനന്തപുരം : ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് സൗജന്യ കുടിവെള്ളകണക്ഷൻ നൽകുന്ന പദ്ധതിപ്രകാരം ലഭിച്ച 9.50 ലക്ഷം അപേക്ഷകളിൽ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ച 1.96 ലക്ഷം അപേക്ഷകൾ വീണ്ടും പരിഗണിക്കാൻ വാട്ടർ അതോറിട്ടി തീരുമാനിച്ചു. സിവിൽ സപ്ലൈസ് ഡേറ്റാ ബേസിൽ റേഷൻകാർഡ് വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ആനുകൂല്യം നൽകുക. ആദ്യ പരിശോധനയിൽ നിരാകരിച്ചതും പേരുവ്യത്യാസമുള്ളതുമായ അപേക്ഷകളാണ് പുനഃപരിശോധിക്കുന്നത്. തിരുത്തലുകൾക്ക് വീണ്ടും അവസരം നൽകി അർഹമായവയ്ക്ക് ആനുകൂല്യം നൽകും. ഈ അപേക്ഷകൾ വീണ്ടും സമർപ്പിക്കണം. അതിനായി സെക്ഷൻ ഓഫീസുകൾക്ക് നാളെ മുതൽ ബി.പി.എൽ അപേക്ഷാ പോർട്ടൽ തുറന്നുനൽകും. ഇതിനായി വീണ്ടും ഓഫീസുകളിലെത്തേണ്ടതില്ല. ബി.പി.എൽ ആനുകൂല്യത്തിന് അർഹരായ എല്ലാ ഉപഭോക്താക്കളുടെയും ഈ വർഷത്തെ ബിൽ തുക ഒഴിവാക്കുമെന്നും ജല അതോറിട്ടി അറിയിച്ചു.