hi

കിളിമാനൂർ: തേവലക്കാട് എസ്.എൻ.യു.പി സ്‌കൂളിനു സമീപം സ്വകാര്യ ബസ് നിയന്ത്രണം തെറ്റി റോഡിനു കുറുകെ മറിഞ്ഞ് 13 പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. വർക്കല- കല്ലറ റൂട്ടിൽ സർവീസ് നടത്തുന്ന ഉണ്ണികൃഷ്‌ണൻ എന്ന ബസാണ് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ അപകടത്തിൽപ്പെട്ടത്. സ്‌കൂളിനു സമീപത്തെ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച വാഹനം നിയന്ത്രണം തെറ്റി റോഡിനു കുറുകെ മറിയുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ്, കേശവപുരം സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും നാവായിക്കുളം സ്റ്റേഷൻ ഓഫീസർ അഖിലിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സും കല്ലമ്പലം പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.