photo

നെയ്യാറ്റിൻകര: കൃഷിക്കുവേണ്ടി ഉപയോഗിച്ചിരുന്ന ഈഴാക്കുളം ഇന്നറിയപ്പെടുന്നത് മാലിന്യക്കുളമെന്നാണ്. പ്രദേശത്തെ മാലിന്യ നിക്ഷേപത്തിന് പുറമെ തോടുകളിലൂടെ ഒഴുകിവിടുന്ന മലിനജലവും ഈ കുളത്തിലാണ് പതിക്കുന്നത്. നിലവിൽ മാലിന്യം കുന്നുകൂടിയ കുളത്തിന്റെ സമീപവാസികൾ പകർച്ചവ്യാധി ഭീഷണിയിലാണ്. ആശുപത്രി ജംഗ്ഷൻ മുതൽ ആലുംമൂട് വരെയും, കൃഷ്ണൻകോവിൽ മുതൽ ആലുംമൂട് വരെയുള്ള ഹോട്ടലുകളിലേയും മറ്റും മാലിന്യം കുളത്തിലേക്ക് ഒഴുക്കുന്നതായും പരാതിയുണ്ട്. ഇതിന്റെ പേരിൽ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു. കൃഷിക്കും തുണികഴുകാനും മറ്റുമായി പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന കുളം ഇന്ന് കൊതുകുവളർത്തൽ കേന്ദ്രംകൂടിയാണ്. സമീപത്തെ വീടുകളിലെല്ലാം താമസിക്കുന്നവർ സന്ധ്യയായാൽ കൊതുക് ശല്യം കാരണം വീടടച്ചിരിക്കേണ്ട അവസ്ഥയാണ്. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ അധികാരികൾ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

നഗരസഭ ബഡ്ജറ്റിൽ മുൻകാലത്ത് 10 ലക്ഷം രൂപ വകയിരുത്തി ഈഴാക്കുളത്തിന്റെ ചുറ്റുമതിൽ കെട്ടുന്നതിനും വേനൽക്കാലത്ത് കൃഷി ഉപയോഗത്തിനായി ജലസേചനം നടത്താനും നിശ്ചയിച്ചിരുന്നു. പിന്നീട്‌ വന്ന നഗരസഭകൾ ഈ പ്രഖ്യാപനം അറിഞ്ഞമട്ടില്ല. 

 മൂക്കുപൊത്തി ജനം

നെയ്യാറ്റിൻകര പട്ടണത്തിൽ എലിപ്പനി പടരുന്നതും ആശങ്കയോടെയാണ് സമീപവാസികൾ കാണുന്നത്. കൊതുകിനെ നശിപ്പിക്കാനുള്ള ഉപകരണങ്ങൾ നെയ്യാറ്റിൻകരസഭയിൽ ഉണ്ടെങ്കിലും ഇവയൊന്നും പ്രവർത്തിപ്പിക്കാറില്ല. ഈഴക്കുളം വഴിയുള്ള റോഡിൽ കടന്നുപോകുന്ന ആളുകൾ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണുള്ളത്. ഇത് സംബന്ധിച്ച് ഈഴാക്കുളം റസിഡന്റ്സ് അസോസിയേഷൻ നിരവധിതവണ നഗരസഭയ്ക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

 വഴിനടക്കാനും വയ്യ

വരാനിരിക്കുന്ന ഇടവപ്പാതിയിൽ ഈഴക്കുളം ഈഴാക്കുളം നിവാസികളുടെ സ്വൈര്യജീവിതം നശിക്കുമെന്ന കാര്യം ഉറപ്പാണ്. ഹോട്ടലുകളിലേയും മറ്റും മാലിന്യങ്ങൾ റോഡിലും ഇടറോഡുകളിലും ഈഴകുളത്തും വലിച്ചെറിയുന്നതുകാരണം തെരുവു നായ്ക്കളുടെയും ഇഴജന്തുകളുടെയും ശല്യവും വർദ്ധിച്ചു. രാത്രിയായാൽ ഈ വഴി നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.