ശിവഗിരി : സർവ്വമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിൽ ലോകരാജ്യങ്ങളിൽ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള പ്രവാസി സംഗമം സംഘടിപ്പിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലാകും സംഗമം. സംഗമത്തിന്റെ മുന്നോടിയായുളള സ്വാഗതസംഘം രൂപീകരണ യോഗം 20ന് രാവിലെ 10ന് ഗുരുധർമ്മ പ്രചരണസഭാ ഹാളിൽ ചേരും. സന്യാസി ശ്രേഷ്ഠരും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പങ്കെടുക്കും. നാട്ടിലെത്തിയിട്ടുളള പ്രവാസികളും അവരുടെ ബന്ധുക്കളും എത്തിച്ചേരണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന വർക്കലയിലെയും പ്രാന്തപ്രദേശങ്ങളിലെയും പ്രവാസികളെ ബന്ധുമിത്രാദികളോടൊപ്പം യോഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി സ്വാമി സച്ചിദാനന്ദ പറഞ്ഞു. വിവരങ്ങൾക്ക് ശിവഗിരി മഠം പി.ആർ.ഒ.യുമായി ബന്ധപ്പെടാം.ഫോൺ. 9447551499
ഗുരുധർമ്മ പ്രചാരണസഭ
സംയുക്തയോഗം ഇന്ന്
ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭാ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഉപദേശകസമിതിയുടെയും സംയുക്തയോഗം ഇന്ന് രാവിലെ 11ന് ശിവഗിരി ജി.ഡി.പി.എസ് ഭവനിൽ ചേരും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവരും സഭയുടെ കേന്ദ്രതല ഭാരവാഹികളും സംബന്ധിക്കും.
നൂറനാട് ഹനീഫ് നോവൽ പുരസ്കാരത്തിന്
കൃതികൾ ക്ഷണിച്ചു
കൊല്ലം: നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള 14-ാമത് നൂറനാട് ഹനീഫ് നോവൽ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 25,052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 45 വയസിൽ താഴെയുള്ള എഴുത്തുകാരുടെ നോവലുകളാണ് പരിഗണിക്കുക. 2021 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളുടെ മൂന്ന് കോപ്പി ജൂൺ 10നകം സമർപ്പിക്കണം. വായനക്കാർക്കും മികച്ച കൃതികൾ നിർദ്ദേശിക്കാം. ആർ.വിപിൻചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ, നൂറനാട് ഹനീഫ് അനുസ്മരണ സമിതി, കൊല്ലം ജില്ലാബാങ്ക് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, ചിന്നക്കട, കൊല്ലം-1, 9447472150, വി. ജയകുമാർ, കനറാ ബാങ്ക്, താമരക്കുളം ശാഖ, കൊല്ലം, 9447453537 വിലാസങ്ങളിൽ ഏതെങ്കിലുമൊന്നിൽ കൃതികളും നിർദ്ദേശങ്ങളും അയയ്ക്കാം.
നിമിഷപ്രിയയുടെ പേരിൽ
അനധികൃത പണപ്പിരിവ്
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ അനധികൃത പണപ്പിരിവ്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി.എം.സി എന്ന സംഘടനയാണ് അവരുടെ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പണപ്പിരവ് നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇക്കാര്യം സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഡി.എം.സി പണപ്പിരിവ് അവസാനിപ്പിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ മാത്രമേ ധനസമാഹരണം നടത്തുന്നുള്ളൂവെന്നും സുമനസുകൾ ഇക്കാര്യം തിരിച്ചറിയണമെന്നും ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചു.