വെള്ളറട: അമ്പൂരി കണ്ണന്നൂരിലെ ഗുണ്ടാ ആക്രമണക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ അമ്പൂരി കണ്ണന്നൂർ ആശാഭവനിൽ അബിൻറോയി, സഹോദരൻ ജിബിൻ റോയി, കാട്ടാക്കട പന്നിയോട് കാവുപാറ ചരുവിള വീട്ടിൽ അഖിൽ ലാൽ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നൽകിയ അപേക്ഷ നെയ്യാറ്റിൻകര കോടതി ഇന്നലെ പരിഗണിച്ചില്ല. പ്രതികളെ വിട്ടുകിട്ടിയാലേ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിയുകയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് നാലുകേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സംഭവത്തിൽ ഒളിവിലുള്ള മലയിൻകീഴ് സ്വദേശി തക്കുടുവെന്ന അഭിഷേകിനെ (22) പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നതായി വെള്ളറട പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ ആറുകാണി സ്വദേശി പാസ്റ്റർ അരുൾ ദാസ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അമ്പൂരിയിലും കണ്ണന്നൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് പട്രോളിംഗ് ശക്തമാക്കി. എക്സൈസും ലഹരി വസ്തുക്കളുടെ പരിശോധന കർശനമാക്കിയിട്ടുണ്ട്.