തിരുവനന്തപുരം: ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട സഖാക്കൾക്കുവേണ്ടി രക്തസാക്ഷി സ്‌മാരക മന്ദിരം പണിത സി.പി.എം കേരളീയ സമൂഹത്തിന് നൽകുന്ന സന്ദേശമെന്തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ലോകത്ത് ഭീകരസംഘടനകൾ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തിൽ സി.പി.എം ചെയ്യുന്നത്. സ്‌മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന സെക്രട്ടറിയാണെന്നത് ഭീകരപ്രവർത്തനത്തെ എന്തുമാത്രം താലോലിക്കുന്നു എന്നതിന് തെളിവാണ്. 2015ൽ പാനൂർ ചെറ്റക്കണ്ടിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട രണ്ട് സി.പി.എം പ്രവർത്തകരുടെ രക്തസാക്ഷിത്വ ദിനം 2016 മുതൽ ആചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌മാരകം നിർമ്മിച്ചത്. കഴിഞ്ഞ മാസം പാനൂർ മുളിയാതോട് ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട പ്രവർത്തകരെയും തള്ളിപ്പറഞ്ഞിരുന്നു. വൈകാതെ ഇവിടെയും സ്‌മാരകം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.