തിരുവനന്തപുരം: വിദ്യാലയങ്ങൾ ജൂൺ 3ന് തുറക്കുന്നതിനു മുന്നോടിയായി 25ന് ശുചീകരണ ദിനം ആചരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സ്കൂൾ ശുചീകരണത്തിൽ എല്ലാ സംഘടനകളും പങ്കാളികളാകണം. സെക്രട്ടേറിയറ്റ് അനക്സിൽ വിളിച്ചുചേർത്ത തൊഴിലാളി, മഹിള, യുവജന സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എറണാകുളം ജില്ലയിലെ എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 3ന് രാവിലെ 9.30 ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എല്ലാ സ്‌കൂളിലും പ്രവേശനോത്സവം നടക്കും. സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ മാർഗനിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയിട്ടുണ്ട്. സ്‌കൂൾ പരിസരം, ക്ലാസ് മുറികൾ, ടോയ്ലെറ്റ്, കുട്ടികൾ പെരുമാറുന്ന മറ്റു പൊതുവായ സ്ഥലങ്ങൾ എന്നിവയെല്ലാം വൃത്തിയാക്കേണ്ടതുണ്ട്. മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. സ്‌കൂളുകൾ തുടർച്ചയായി അടഞ്ഞുകിടക്കുന്നതുമൂലം ഇഴജന്തുക്കൾ കയറിയിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പ്ളസ് വൺ സീറ്റിൽ എം.എസ്.എഫ് പ്രതിഷേധം
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചുചേർത്ത യോഗത്തിനിടെ മുസ്ളിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന്റെ പ്രതിഷേധം. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ ദൗർലഭ്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി നൗഫലാണ് പ്രതിഷേധിച്ചത്. യോഗം തുടങ്ങിയതിനു പിന്നാലെ പ്രതിഷേധം ആരംഭിച്ചു. 45,530 സീറ്റുകൾ മലബാറിന്റെ അവകാശമാണെന്നും മലബാർ കേരളത്തിലാണെന്നുംഎഴുതിയ ടീ ഷർട്ട് നൗഫൽ ഉയർത്തിക്കാട്ടി. പ്രതിഷേധം തുടർന്നതോടെ നൗഫലിനെ ഹാളിനു പുറത്താക്കി. പുറത്തും പ്രതിഷേധം തുടർന്നതോടെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ മന്ത്രി ശിവൻകുട്ടി പരിഹസിച്ചു. പ്രതിഷേധിക്കാൻ പതിനായിരം പേരെങ്കിലും വരണം. യോഗത്തിൽ പങ്കെടുക്കാൻ കയറി എന്തോ കാണിച്ചു. ഒരു മിനിട്ട് യോഗം തടസപ്പെട്ടു. എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.