തിരുവനന്തപുരം: ബൈപ്പാസിൽ നിന്ന് നഗരത്തിലേയ്ക്കുള്ള പ്രവേശന കവാടമായ ചാക്കയിൽ വെള്ളക്കെട്ട് തുടർക്കഥയാണ്.ചെറിയ മഴയിൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥയാണ്.മഴപെയ്താൽ റോഡിന്റെ ഇരുവശത്തും മുട്ടിനൊപ്പം ഉയരത്തിലാണ് വെള്ളം പൊങ്ങുന്നത്.വെള്ളം പൊങ്ങിയാൽ
ബൈപ്പാസിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
കഴിഞ്ഞദിവസം തോരാതെ പെയ്ത മഴയിൽ, വെള്ളം റോഡിൽ കെട്ടിനിന്ന് എയർപോർട്ടിലേയ്ക്കുള്ള വാഹനങ്ങളും കുരുക്കിലായി. ബൈക്ക് യാത്രക്കാരുൾപ്പെടെ വലഞ്ഞു. ചെറിയൊരു മഴ പെയ്താൽ തന്നെ ഇവിടെ വെള്ളം നിറയുന്ന സ്ഥിതിയാണ്.
ബൈപ്പാസിലെ ഓടയിൽ മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതാണ് റോഡ് വെള്ളത്തിലാകാൻ കാരണം.കൃത്യമായ ശുചീകരണമില്ലാത്തതിനാലാണ് ഓടകൾ നിറയുന്നത്.ചാക്ക ഭാഗത്ത് പുതിയ ഓട കെട്ടി നവീകരണം ചെയ്തിട്ട് മാസങ്ങൾ പിന്നിടുമ്പോഴും ഇതാണ് അവസ്ഥ. ചാക്ക മുതൽ പരുത്തിക്കുഴി വരെ ദൈർഘ്യമുള്ള ഓടയ്ക്ക് പലയിടത്തും സ്ളാബില്ല. ഈ ഭാഗങ്ങളിൽ ആളുകൾ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. മാലിന്യത്തിനൊപ്പം മഴയിൽ ഒഴുകിയെത്തുന്ന മണ്ണും ഓടയ്ക്കുള്ളിൽ വളർന്ന ചെടികളും ഒഴുക്ക് തടസപ്പെടുത്തുന്ന സ്ഥിതിയാണ്. ബൈപ്പാസ് നിർമ്മാണ സമയത്തെ കോൺക്രീറ്റ് മാലിന്യങ്ങളും ഓടയിലുണ്ട്.
ചെറിയ സമയത്ത് വലിയ അളവിൽ പെയ്യുന്ന മഴയിൽ വെള്ളം കുത്തിയൊലിച്ചാണ് ചാക്കയിലേക്ക് എത്തുന്നത്.ചാക്കയിലെ ഓട മുട്ടത്തറയിലേയ്ക്കാണ് കണക്ട് ചെയ്യുന്നത്.ഓടയിൽ മാലിന്യമടിഞ്ഞ് കൂടിയാൽ പേട്ട ഭാഗത്ത് നിന്നുള്ള വെള്ളം ഓട നിറഞ്ഞ് ഇറക്കമുള്ള ചാക്ക ജംഗ്ഷനിലാണ് എത്തിച്ചേരുന്നത്.ഇവിടെയും ഓടയിൽ മാലിന്യം നിറഞ്ഞാൽ വെള്ളം ഒഴുകിപ്പോകാതെ റോഡിൽ കെട്ടി നിൽക്കും.വർഷങ്ങളായി തുടരുന്ന ദുരിതത്തിന് അറുതി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.