ചേരപ്പള്ളി : പറണ്ടോട് വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ സമാപനംകുറിച്ച് നടത്തിയ അവഭൃഥസ്നാന ഘോഷയാത്ര ഭക്തിനിർഭരമായി. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്നാരംഭിച്ച ഘോഷയാത്ര ഐത്തി, പൊട്ടൻചിറ, ഹൗസിംഗ് ബോർഡ് തേക്കിൻകാല ശ്രീമഹാവിഷ്ണു ക്ഷേത്ര ആറാട്ട് കടവിൽ ആറാടി തിരികെ ക്ഷേത്ര സന്നിധിയിലെത്തി സമാപിച്ചു. ക്ഷേത്ര മേൽശാന്തി ബിനു പത്മനാഭൻ, യജ്ഞാചാര്യൻ പുലിമുഖം ജഗന്നാഥവർമ്മ, യജ്ഞഹോതാവ് നന്ദകുമാർ, യജ്ഞപൗരാണികാരായ ഉൗഴായ്ക്കോട് ബിജുകുമാർ, കരീപ്ര ശ്രീകുമാർ, കടപുഴ ബിജു, നെയ്യാറ്റിൻകര സുകു ഭാസ്കർ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി അംഗങ്ങൾ, സപ്താഹ കമ്മിറ്റി അംഗങ്ങൾ, വനിത യുവജന കമ്മിറ്റി അംഗങ്ങൾ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.