തിരുവനന്തപുരം: കനത്ത മഴയിൽ നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള നടപടികളുമായി സർക്കാരും തിരുവനന്തപുരം കോർപറേഷനും. മന്ത്രി എം.ബി.രാജേഷിന്റെ നിർദേശപ്രകാരം നഗരത്തിലെ എല്ലാ ഓടകളും വൃത്തിയാക്കാനാവുന്ന സക്ഷൻ കം ജെറ്റിംഗ് മെഷീൻ വാങ്ങാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. വെള്ളക്കെട്ട് രൂക്ഷമായിരുന്ന കൊച്ചി ന​ഗരത്തിൽ ഈ യന്ത്രം പരീക്ഷിച്ച് വിജയിച്ചിരുന്നു.

തിരുവനന്തപുരത്ത് യന്ത്രം വാങ്ങാനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ജൂൺ അവസാനത്തോടെയോ, ജൂലായ് ആദ്യമോ യന്ത്രമെത്തും.

സ്ലാബുകൾ തുറക്കാതെ അകലെ നിന്നുപോലും ചെളിയും മണ്ണും വലിച്ചെടുത്ത് നീക്കം ചെയ്യാൻ ഈ സംവിധാനത്തിലൂടെ കഴിയും. മെഷീൻ ലഭ്യമാവുന്നതുവരെ നെടുമ്പാശേരി വിമാനത്താവളത്തിലെ പകരം സംവിധാനം ഉപയോഗിക്കാനും ധാരണയായിട്ടുണ്ട്.

മന്ത്രി എം.ബി.രാജേഷ് സിയാൽ എം.ഡിയുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ തുടർ ചർച്ചകളും നടന്നു. ഓടകളിലെ വെള്ളം തോടുകളും ആറുകളും വഴി ഒഴുകിപ്പോകുന്നതിന് തടസം നിൽക്കുന്ന മാലിന്യവും മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള രണ്ട് യന്ത്രങ്ങളും തിരുവനന്തപുരത്ത് എത്തിക്കും.സ്ലിറ്റ് പുഷർ, സ്ലോട്ട് ട്രാപ്പർ എന്നീ യന്ത്രങ്ങളാണ് ഉടനെത്തുന്നത്.

ഇതുവഴി ആമയിഴഞ്ചാൻ തോട്, കരിയിൽതോട്, പട്ടം തോട്, കരമനയാർ, തെറ്റിയാർ എന്നിവിടങ്ങളിൽ അടിഞ്ഞു കൂടുന്ന മണ്ണും ചെളിയും മാലിന്യവും നീക്കി നീരൊഴുക്ക് സുഗമമാക്കാനാകും. മണ്ണും ചെളിയും മാലിന്യവും തള്ളിമാറ്റി രണ്ടുകരകളിലും ശേഖരിക്കുന്ന പ്രവർത്തനമാണ് സ്ലിറ്റ് പുഷർ ചെയ്യുന്നത്.മാലിന്യവും കുളവാഴ ഉൾപ്പെടെയുള്ളവയും ജലനിരപ്പിൽ നിന്ന് വലിച്ചെടുത്ത് നീക്കം ചെയ്യാനാവുന്ന സംവിധാനമാണ് സ്ലോട്ട് ട്രാപ്പർ.