കല്ലമ്പലം: അക്രമികൾ തകർത്ത നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. 2000 ൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ കഴിഞ്ഞ വർഷം 2 തവണ അക്രമികൾ അടിച്ചുതകർത്തെങ്കിലും പതറാതെ അദ്ധ്യാപകർ കുട്ടികളെ മുന്നോട്ടു നയിച്ചു. ജില്ലയിൽ വിജയ ശതമാനത്തിൽ സ്കൂൾ അഞ്ചാം സ്ഥാനം നേടി. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 250 കുട്ടികളിൽ 76 പേർ ഫുൾ എ പ്ലസും 19 പേർ 9 എ പ്ലസും നേടി. ഫുൾ എ പ്ലസ് നേടിയതിൽ 25 കുട്ടികൾ എസ്.പി.സി വിദ്യാർത്ഥികളാണ്. പ്ലസ് ടു പരീക്ഷയിൽ 46 കുട്ടികൾ ഫുൾ എ പ്ലസ് നേടി. പൂർവ വിദ്യാർത്ഥി പുല്ലൂർമുക്ക് സ്വദേശി ബിജുവിന്റെ മകൾ ഷിബിന 1200 മാർക്കും നേടി. പുനർ മൂല്യ നിർണയത്തിലൂടെ കൂടുതൽ ഫുൾ എ പ്ലസ് കിട്ടുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും.
മാനേജ്മെന്റ് സ്കൂളുകളെ കിടപിടിക്കുന്ന രീതിയിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളുമാണ് പുതിയ അദ്ധ്യയന വർഷത്തിലേയ്ക്ക് സ്കൂൾ ഒരുക്കുന്നത്. അക്രമികൾക്കുള്ള മറുപടിയാണ് വിദ്യാർത്ഥികൾ കൈവരിച്ച നേട്ടമെന്ന് പി.ടി.എ പ്രസിഡന്റ് ഹാരിസ് പറഞ്ഞു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 3 കോടി 55 ലക്ഷം രൂപ സംസ്ഥാന സർക്കാരിൽ നിന്നും അനുവദിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയുടെ രണ്ട് ക്ലാസ് മുറികൾ പൂർത്തിയായി. എം.എൽ.എ ഫണ്ടിൽ നിന്നും ഓഡിറ്റോറിയവും നിർമ്മിച്ചു. സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ എച്ച്.എം സിനി.എം.ഹല്ലാജ്, പ്രിൻസിപ്പൽ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് ഹാരിസ്, വൈസ് പ്രസിഡന്റ് സവാദ്, എസ്.എം.സി ചെയർമാൻ ഫൈസൽഖാൻ, വൈസ് ചെയർമാൻ നാസിം എന്നിവർ സംസാരിച്ചു.