1

വിഴിഞ്ഞം: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ വീടിന്റെ ചുവര് വിണ്ടുകീറുകയും വൈദ്യുത മീറ്റർ പൊട്ടിത്തെറിക്കുകയും ചെയ്‌തു. ആളപായമില്ല. വിഴിഞ്ഞം പോസ്റ്റോഫീസിന് സമീപം കുണ്ടലത്തറ അറഫയിൽ പീരുമുഹമ്മദിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്.

വീടിന്റെ വയറിംഗ് മുഴുവനും കത്തിനശിച്ചു. കിണറ്റിൽ ഉപയോഗിച്ചിരുന്ന രണ്ട് മോട്ടോറുകൾ കത്തിപ്പോയി. വൈദ്യുത ഉപകരണങ്ങൾക്കും എ.സിക്കും കേടുപാടുണ്ട്. ടോയ്ലെറ്റിന്റെ ചുമർ വീണ്ടുകീറിയിട്ടുണ്ട്. സിറ്റൗട്ടിലെ ചുമരുകൾക്കും കേടുപാടുണ്ടായി. സൺഷെയ്‌ഡിലെ കോൺക്രീറ്റുകൾ ഇളകിത്തെറിച്ചു.

രണ്ട് ലക്ഷത്തിന്റെ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചാൽ മാത്രമേ കൂടുതൽ കേടുപാടുകളും നഷ്ടവും അറിയാൻ കഴിയൂവെന്ന് വീട്ടുടമ പറഞ്ഞു. വില്ലേജ് അധികൃതരും നഗരസഭാ അധികൃതരും സ്ഥലത്തെത്തി പരിശോധിച്ചു. ഇടിമിന്നലിൽ സമീപത്തെ നിരവധി വീടുകളിലെ വൈദ്യുത ഉപകരണങ്ങൾക്കും കേടുപാടുണ്ടായി.

ഫോട്ടോ: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ തകർന്ന മോട്ടോറിന്റെ സ്വിച്ച്.

ഫോട്ടോ: ഇടിമിന്നലിൽ വീടിന്റെ ചുവരിലുണ്ടായ കേടുപാട്